ഇന്ത്യൻ കായിക രംഗത്ത് ഒഴിച്ചുകൂടാനാകത്ത പേരാണ് പയ്യോളി എക്സ്‌പ്രസ് എന്നറിയപ്പെടുന്ന ഒളിമ്പ്യൻ പി ടി ഉഷ. അത്‍ലറ്റിക്സിന്റെ ട്രാക്കിൽ ഇന്ത്യയുടെ അഭിമാനമായി കുതിച്ചുപാഞ്ഞ മലയാളികളുടെ പ്രിയപ്പെട്ട പി ടി ഉഷയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് പ്രശസ്ത അഭിനേത്രി നീതു ചന്ദ്ര.
വാർത്ത ഏജൻസിയായ ഐഎഎൻഎസിനോടാണ് താരം ആഗ്രഹം പങ്കുവെച്ചത്. ഏതെങ്കിലും ഒരു ഇന്ത്യൻ കായികതാരത്തിന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരം പി ടി ഉഷയുടെ പേര് പറഞ്ഞത്.
” തീർച്ചയായും ഞാനൊരു കായികതാരവും അഭിനേത്രിയും കൂടിയായതിനാൽ മറ്റൊരു കായികതാരത്തിന്റെ ജീവിതം അവതരിപ്പിക്കാൻ ആഗ്രഹമുണ്ട്. എനിക്കൊരു അവസരം കിട്ടിയാൽ പി ടി ഉഷയായി വെള്ളിത്തിരയിൽ ജീവിക്കാൻ താൽപര്യമുണ്ട്. കാരണം തികച്ചും അവിശ്വസനിയമായ ഒരു യാത്ര തന്നെയായിരുന്നു അവരുടേത്. അതുപോലെ എല്ലാവർക്കും പ്രചോദനമാകുന്ന ഒരു ജീവിതം അവതരിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” നീതു പറഞ്ഞു.
പി റ്റി ഉഷയെ പോലെ ഒരാളുടെ ജീവിതം ഒരോ പെൺകുട്ടികൾക്കും പ്രചോദനമാണെന്നും നീതു കൂട്ടിച്ചേർത്തു. ഒരു കായിക താരമാകുന്നതോടെ വ്യക്തിത്വവും ആത്മവിശ്വാസവും അച്ചടക്കവും ആത്മാർത്ഥതയും ഒക്കെയാണ് വളരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കായികതാരം കൂടിയായ നീതു ചന്ദ്ര നിരവധി ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തായ്കോണ്ടോയിൽ മൂന്ന് തവണ ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരിച്ച നീതു നിലവിൽ പ്രോ കബഡിയിൽ പാറ്റ്ന പൈറേറ്റ്സിന്റെ കമ്മ്യൂണിറ്റി അംബാസിഡർ കൂടിയാണ്.
എന്നാൽ നേരത്തെ ഇന്ത്യ ഒളിമ്പിക്സ് അത്‍ലറ്റിക്സിൽ സ്വർണ്ണം നേടിയിട്ട് തന്റെ ജീവിതം സിനിമയാക്കിയാൽ മതിയെന്ന് ഉഷ വ്യക്തമാക്കിയിരുന്നു. നിരവധി സംവിധായകർ ബയോപിക് നിർമ്മിക്കുന്നതിന് ഉഷയെ സമീപിച്ചിരുന്നെങ്കിലും ഉഷ സമ്മതം അറിയിച്ചിരുന്നില്ല. ഇന്ത്യ അത്‍ലറ്റിക്സിൽ സ്വർണ്ണം നേടുമ്പോൾ മാത്രമേ തന്റെ സ്വപ്നം പൂർണ്ണമാകുമെന്നാണ് ഉഷ അന്ന് പറഞ്ഞത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി ടി ഉഷയെ കണക്കാക്കുന്നത്. 1984 ലോസ് ആഞ്ചലസ് ഒളിംപിക്സിൽ സെക്കന്റിന്റെ നൂറിലൊരു അംശത്തിലാണ് ഉഷയ്ക്ക് മെഡൽ നഷ്ടമാകുന്നത്. അന്താരാഷ്ട്ര അത്‍ലറ്റിക്സ് ട്രാക്കിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഉഷയ്ക്ക് രാജ്യം പത്മശ്രീയും അർജ്ജുന അവാർഡും നൽകി ആദരിച്ചിട്ടുണ്ട്. ഇപ്പോൾ വളർന്നു വരുന്ന കായിക താരങ്ങളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുകയാണ് ഉഷ.