മലയാള സിനിമ മേഖലയില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി നിർബന്ധമാക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സി അടക്കമുള്ള സംഘടനകൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. മാറ്റത്തിന്റെ വെളിച്ചം വീശി കൊണ്ട് തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ‘1744 വെറ്റ് ആള്‍ട്ടോ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നിർമ്മാതാക്കളായ കബനി ഫിലിംസ് ഇന്റേണല്‍ കംപ്ലയിന്റ്സ് സെല്‍ രൂപീകരിച്ച് പെരുമാറ്റച്ചട്ടം നടപ്പാക്കിയിരുന്നു.
ഇപ്പോൾ, മാതൃകാപരമായ ആ നടപടി പിൻതുടരുകയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിന്റെ നിർമാതാക്കളും. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനിഷ് അബ്ദുൾഖാദറും ലണ്ടൻ ടാക്കീസിന്റെ ബാനറിൽ രാജേഷ് കൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചിരിക്കുകയാണ്.

ഭാവന, ഷറഫുദ്ധീൻ, അനാർകലി നാസർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിലും വിവേക് ഭരതനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അരുൺ റുഷ്ദി ഛായാഗ്രഹണവും, മിഥുൻ ചാലിശ്ശേരി കലാസംവിധാനവും നിർവ്വഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ടറും ശബരിദാസ് തോട്ടിങ്കലും, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനും, കിരൺ കേശവുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്.

അമൽ ചന്ദ്രൻ മേക്കപ്പും മെൽവി ജെ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. അലക്സ് ഇ കുര്യൻ പ്രൊഡക്ഷൻ കൺട്രോളറും ഫിലിപ്പ് ഫ്രാൻസിസ് ചീഫ് അസോസിയേറ്റുമാണ്. പബ്ലിസിറ്റി ഡിസൈനുകൾ ഡൂഡ്ലെമുനിയും, കാസ്റ്റിംഗ് അബു വലയംകുളവുമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സംഗീത ജനചന്ദ്രൻ കൈകാര്യം ചെയ്യുന്നു.