മലയാള സിനിമ മേഖലയില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സി അടക്കമുള്ള സംഘടനകൾ പലയാവർത്തി ഉന്നയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് മലയാളത്തിലെ ഒരു സിനിമയുടെ ലൊക്കേഷനിൽ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ച് നിർമ്മാതാക്കൾ മാതൃകയാവുന്നത്. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ‘1744 വെറ്റ് ആള്‍ട്ടോ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നിർമ്മാതാക്കളായ കബനി ഫിലിംസ് ഇന്റേണല്‍ കംപ്ലയിന്റ്‌സ് സെല്‍ രൂപീകരിച്ച് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്.
കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എക്‌സിക്യുട്ടീവ് നിര്‍മാതാവ് അമ്പിളി പെരുമ്പാവൂര്‍ പ്രിസൈഡിങ് ഓഫീസറായ സമിതിയില്‍ നിര്‍മാതാക്കളായ ശ്രീജിത്ത് നായര്‍, മൃണാള്‍ മുകുന്ദന്‍, അഭിഭാഷക ആര്‍ഷ വിക്രം എന്നിവരാണ് മറ്റു അംഗങ്ങള്‍. കാസ്റ്റ് ആന്റ് ക്രൂ അംഗങ്ങള്‍ക്കിടയില്‍ ലൈംഗികമായോ അല്ലാതെയോ ഉള്ള അപകീര്‍ത്തിപ്പെടുത്തലുകളും ചൂഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ നാലംഗ സമിതി നടപടി സ്വീകരിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട്ട് പുരോഗമിക്കുകയാണ്.
Read Here: എന്താണ് ഇന്റേണൽ കംപ്ലൈന്റസ് കമ്മിറ്റി ( ഐ സി സി)? അവിടെ ആർക്കൊക്കെ എങ്ങനെ പരാതി നൽകാം?

2013ല്‍ നിലവില്‍ വന്ന പോഷ് ആക്റ്റ് പ്രകാരം പത്ത് പേരില്‍ കൂടുതല്‍ ഒരു ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവിടെ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് സെല്‍ രൂപീകരിക്കണമെന്നത് നിർബന്ധമാണ്. എന്നാല്‍ മലയാള സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകള്‍ പോലും ഈ നിയമം നടപ്പാക്കാന്‍ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വനിതാ സംഘടനയായ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ മുൻപ് രംഗത്തെത്തിയിരുന്നു.