ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയെ തുടർന്ന് നടന് ശ്രീനാഥ് ഭാസിക്ക് എതിരെയുണ്ടായിരുന്നു വിലക്ക് പിൻവലിച്ച് നിർമാതാക്കളുടെ സംഘടന. ഒക്ടോബർ മാസത്തിലാണ് ‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിനെത്തിയ ശ്രീനാഥ് അവതാരകയെ അധിക്ഷേപിച്ച് സംസാരിച്ചത്.
ശ്രീനാഥ് നേരിട്ട് കണ്ട് മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവതാരക പരാതി പിൻവലിക്കുകയും ചെയ്തിരുന്നു. സംഭവം ഒത്തുതീര്‍പ്പായതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശ്രീനാഥിന്റെ അപേക്ഷയെ തുടര്‍ന്ന് കേസിലെ നടപടികള്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നടൻ മമ്മൂട്ടി ഉൾപ്പെടെ ശ്രീനാഥിന് എതിരായുളള വിലക്കിനെതിരെ പ്രതികരിച്ചിരുന്നു. ‘തൊഴിൽ നിഷേധം തെറ്റാണ്’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ശ്രീനാഥിനെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നായിരുന്നു നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നത്. ഭാസിക്ക് തല്കാലം പുതിയ പടങ്ങള്‍ നല്‍കില്ല. എന്നാല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ്ങും ഷൂട്ടിങ്ങും പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. ശിക്ഷ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്നുമാണ് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്.