കൊച്ചി: നടൻ ഷെയ്ൻ നിഗം സിനിമയുമായി സഹകരിക്കുന്നില്ലെന്ന ‘വെയിൽ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ശരത് മേനോന്റെയും നിർമാതാവ് ജോബി ജോർജിന്റെയും പരാതിയിൽ തുടർ നടപടികൾ തീരുമാനിക്കാൻ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും. വൈകീട്ട് മൂന്നിനാണ് ഭാരവാഹികളുടെ യോഗം.
വെയിൽ എന്ന സിനിമയുടെ സെറ്റിൽ സംവിധായകൻ മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ൻ സെറ്റിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മുടിയും താടിയും വെട്ടിക്കളയുകയും ചെയ്തിരുന്നു. വെയിലിൽ ഷെയ്നിന് മുടി നീട്ടി വളർത്തിയ ഗെറ്റപ്പായിരുന്നു. കുർബാനി എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഷെയ്ൻ മുടി മുറിച്ചു എന്ന് പറഞ്ഞ് നേരത്തേയും വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ.
“സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസം വേണ്ടി വരും. വെയില് എന്ന സിനിമയ്ക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ അഞ്ചുദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.”ഇതായിരുന്നു സമൂഹമാധ്യമത്തിലൂടെ ഈ വിഷയത്തിൽ താരത്തിന്റെ പ്രതികരണം.
Read More: ഷെയിനിന്റെ മുടി വളരുന്നതുവരെ കാത്തിരിക്കാൻ തയാർ: ‘വെയിൽ’ സംവിധായകൻ ശരത്
നേരത്തേ നിർമാതാവ് ജോബി ജോർജുമായുള്ള പ്രശ്നം ഒത്തുതീർക്കാനായി ചർച്ചയ്ക്ക് വിളിച്ച സമയത്ത് വെയിലിന്റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ഷെയ്നിനെ അറിയിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചുകൊണ്ടുള്ള ഷെയ്നിന്റെ പ്രവൃത്തി സംഘടനകളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ നിലവിൽ ഷൂട്ടിങ് തുടരുന്ന സിനിമകൾ ഷെയിൻ നിഗം പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കുന്നതും പരിഗണിച്ചേക്കും.
ഷെയ്നിന്റെ നിസ്സകരണം മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണെന്ന് സംവിധായകൻ ശരത് പ്രതികരിച്ചു. സിനിമയുടെ ചിത്രീകരണത്തോട് ഷെയ്ൻ നിഗം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് താരം മുടിവെട്ടിയതും സംവിധായകൻ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായതും. എന്നാൽ ഷെയ്നിന്റെ മുടി വളരുന്നതുവരെ കാത്തിരിക്കാൻ താൻ തയാറാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ശരത് മേനോൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“ഇനിയിപ്പോൾ ഷെയിന്റെ മുടി വളരുന്നതുവരെ കാത്തിരിക്കാമെന്നതാണ് ചെയ്യാനാകുന്നത്. അതിന് ഞാൻ തയാറാണ്. മറ്റൊരു വഴി ആ ഗെറ്റപ്പിനോട് ചേർന്നു നിൽക്കുന്ന വിഗ്ഗ് ഉപയോഗിക്കാമെന്നതാണ്. പക്ഷെ പകുതിയോളം ചിത്രീകരണം കഴിഞ്ഞ അവസ്ഥയിൽ അത്തരത്തിൽ കൃത്യമായൊരു വിഗ്ഗ് കിട്ടിയില്ലെങ്കിൽ ലുക്ക് ശരിയാകില്ല. കാത്തിരിക്കാം. അല്ലാതെന്ത് ചെയ്യാനാണ്,” ശരത് പറയുന്നു.