മൂന്നുമാസത്തിലേറെയായി നീളുന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സംസ്ഥാനത്ത് സിനിമാ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. മുടങ്ങി പോയ പത്തു സിനിമകളുടെ ഇൻഡോർ ഷൂട്ടിംഗുകളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഒപ്പം ചില പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗും തുടങ്ങിയിട്ടുണ്ട്. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു.
ഫഹദ് ഫാസില്‍ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രം ഐ ഫോണിലാണ് ചിത്രീകരിക്കുന്നത്. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാണിത്. ഇത് വാണിജ്യ സിനിമയല്ലെന്നും, ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രമാണെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഡിജിഡൽ റിലീസിനു വേണ്ടി ഒരുക്കുന്ന ചിത്രമാണെന്നും റിപ്പോർട്ടുകളുണ്ട്, എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.
ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും ഇന്നാരംഭിച്ചു. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജീഷ വിജയന്‍, വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം.
അതേസമയം പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളും കൊഴുക്കുകയാണ്. കൊറോണ വ്യാപനം മൂലം മലയാളത്തിൽ അറുപതോളം സിനിമകളുടെ ചിത്രീകരണം തടസ്സപ്പെട്ടിരുന്നു, മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നും അത്തരം ശ്രമങ്ങളുണ്ടായാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിർദേശങ്ങൾക്ക് എതിരെ സംവിധായകരുടെ ഭാഗത്തു നിന്നും അഭിനേതാക്കളുടെ ഭാഗത്തുനിന്നുമെല്ലാം പ്രതിഷേധമുയരുന്നുണ്ട്.
നിര്‍മ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ പ്രതികരണവുമായി സംവിധായന്‍ ലിജോ ജോസ് പെല്ലിശ്ശേരി അടക്കമുള്ളവർ രംഗത്തുണ്ട്. ‘ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ, ആരാടാ തടയാൻ’ എന്നാണ് ലിജോ ഞായറാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം വകവെയ്ക്കാതെ ആഷിഖ് അബുവും പുതിയ ചിത്രം അനൗൺസ് ചെയ്തിട്ടുണ്ട്. റിമ കല്ലിങ്കലും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹർഷദിന്റെ ചിത്രവും ഷൂട്ടിംഗ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. നിർമ്മാതാക്കളുടെ സംഘടന പുതിയ ചിത്രങ്ങൾ തുടങ്ങരുതെന്ന് ആവശ്യപ്പെടുന്ന ഈ സമയത്ത് പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് അനൗൺസ് ചെയ്യപ്പെട്ടത് പുതിയ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്.
എന്നാൽ അതിനിടെ ഷൂട്ടിംഗ് തുടങ്ങുന്ന പുതിയ സിനിമകൾക്ക് പിന്തുണ നൽകുകയാണ് ഫെഫ്‌ക. അനുമതിയോടെയാണ് പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുന്നത് എന്ന് ഫെഫ്ക വ്യക്തമാക്കി. എല്ലാ സംവിധായകരും ഫെഫ്കക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ കഴിയില്ലെന്നും ഫെഫ്ക പ്രതിനിധികൾ പറയുന്നു. ആരോടും ജോലി ചെയ്യണ്ട എന്ന് പറയാനാകില്ലെന്നും ഫെഫ്ക നേതൃത്വം വ്യക്തമാക്കി.
Read more: ചരിത്രം കടംവീട്ടുന്നു; ആഷിഖ് അബുവും പൃഥ്വിരാജും ഒന്നിക്കുന്ന ‘വാരിയംകുന്നൻ’