scorecardresearch

'ഞാനിപ്പോൾ തെരുവിലാണ് നിൽക്കുന്നത്'; ചിമ്പുവിനെതിരെ നിർമ്മാതാവ്

ചിമ്പുവിനൊപ്പം അഭിനയിക്കാൻ ഒരു നടിയും തയാറായിരുന്നില്ല. തൃഷ അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അഡ്വാൻസ് തിരിച്ചു നൽകി. പിന്നീട് ലക്ഷ്മി മേനോനെ സമീപിച്ചെങ്കിലും അവരും നിരസിച്ചു

ചിമ്പുവിനൊപ്പം അഭിനയിക്കാൻ ഒരു നടിയും തയാറായിരുന്നില്ല. തൃഷ അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അഡ്വാൻസ് തിരിച്ചു നൽകി. പിന്നീട് ലക്ഷ്മി മേനോനെ സമീപിച്ചെങ്കിലും അവരും നിരസിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ഞാനിപ്പോൾ തെരുവിലാണ് നിൽക്കുന്നത്'; ചിമ്പുവിനെതിരെ നിർമ്മാതാവ്

ചിലമ്പരശൻ നായകനായെത്തിയ ചിത്രമായിരുന്നു എഎഎ അഥവാ അൻപാനവൻ അസറാതവൻ അടങ്കാതവൻ. ചിമ്പുവിനെക്കൂടാതെ തമന്നയും ശ്രേയ ശരണുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ആദിക് രവിചന്ദ്രൻ ആയിരുന്നു സംവിധായകൻ. ചിത്രം സാമ്പത്തികമായി വൻ പരാജയമായിരുന്നു. ചിത്രത്തിന്റെ പരാജയത്തിന് കാരണം നടൻ ചിമ്പുവാണെന്നും സിനിമ മൂലം തനിക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ചിമ്പു നികത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് മൈക്കിൾ റായപ്പൻ. ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ചിമ്പുവിനെതിരെ ഉയർത്തിയിട്ടുളളത്.

Advertisment

''സിനിമയോടുളള പാഷനാണ് എന്നെ ഈ രംഗത്ത് എത്തിച്ചത്. കഴിഞ്ഞ 9 വർഷത്തിനിടയിൽ 12 സിനിമകൾ നിർമ്മിച്ചു. ഇതിൽ ചിലതൊക്കെ പരാജയപ്പെട്ടു, ചിലതൊക്കെ വിജയിച്ചപ്പോൾ അതെനിക്ക് സന്തോഷവും നൽകി. മാത്രമല്ല 500 ഓളം പേർക്ക് എനിക്ക് തൊഴിൽ നൽകാനായി. ഇതൊക്കെയാണ് വീണ്ടും സിനിമകൾ നിർമ്മിക്കാൻ എന്നെ പ്രേരിപ്പിച്ചത്. എന്നാൽ ചിമ്പുവിനൊപ്പം ചെയ്ത എഎഎ എന്ന ചിത്രം എന്റെ ജീവിതത്തെ തകർത്തു. ഞാനിപ്പോൾ തെരുവിലാണ് നിൽക്കുന്നത്.

സംവിധായകൻ ആദിക്കിനെ എന്റെ അടുത്തേക്ക് അയച്ചത് ചിമ്പുവാണ്. ആദിക്ക് കഥ പറഞ്ഞപ്പോൾ ചിമ്പുവിന് ഏറെ ഇഷ്ടമായി. കാരണം 3 വേഷത്തിലാണ് ഈ ചിത്രത്തിൽ ചിമ്പുവെത്തുന്നത്. ഡിണ്ടിഗലിൽ ആണ് ചിത്രം തുടങ്ങുന്നത്. അവിടെനിന്നും ദുബായ്, ചെന്നൈ എന്നിവിടങ്ങളിലൂടെ കാശിയിലാണ് കഥ അവസാനിക്കുന്നത്. ഇതൊക്കെ ചിമ്പുവിന് അറിയാമായിരുന്നു.

2016 മെയ് അവസാനത്തിൽ ഷൂട്ടിങ് തുടങ്ങാനാണ് പ്ലാൻ ചെയ്തത്. ചിമ്പുവിനൊപ്പം അഭിനയിക്കാൻ ഒരു നടിയും തയാറായിരുന്നില്ല. തൃഷയെയാണ് ആദ്യം നായികയായി തീരുമാനിച്ചത്. എന്നാൽ തൃഷ അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അഡ്വാൻസ് തിരിച്ചു നൽകി. പിന്നീട് ലക്ഷ്മി മേനോനെ സമീപിച്ചെങ്കിലും അവരും നിരസിച്ചു. അവസാനം ശ്രേയ ശരൺ അഭിനയിക്കാൻ തയാറായി. ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞപ്പോൾ ചിമ്പു ഇടപെട്ട് ഇടയ്ക്കിടയ്ക്ക് ലൊക്കേഷൻ മാറ്റി. മധുരയിൽ ഷൂട്ടിങ് വച്ചപ്പോൾ അവിടെ ഭയങ്കര ചൂടാണെന്നും മൈസൂരോ ഗോവയിലോ കൊച്ചിയിലോ ഷൂട്ടിങ് ലൊക്കേഷൻ മാറ്റണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ മാസങ്ങൾ പോയി. ഒടുവിൽ സംവിധായകനും ഞാനും ചേർന്ന് ഡിണ്ടിഗലിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. അപ്പോൾ ചിമ്പു അവിടേക്ക് വരില്ലെന്ന് പറഞ്ഞു. അവിടെ സ്റ്റാർ ഹോട്ടൽ ഇല്ലെന്നും പൊതു സ്ഥലത്ത് ഷൂട്ടിങ്ങിന് തനിക്ക് വരാൻ പറ്റില്ലെന്നും പറഞ്ഞു. അവിടെ ജനക്കൂട്ടം ഉണ്ടായാൽ താൻ ഷൂട്ടിങ് നിർത്തി പോകുമെന്നും ഭീഷണിപ്പെടുത്തി. മാത്രമല്ല ഞായറാഴ്ചകളിൽ താൻ ഷൂട്ടിങ്ങിന് വരില്ലെന്നും പറഞ്ഞു. അവസാനം ഇതൊക്കെ മറികടന്ന് 2016 ജൂലൈ 9 ന് ഡിണ്ടിഗലിൽ ഷൂട്ടിങ് തുടങ്ങി.

Advertisment

ഷൂട്ടിങ് തീയതികളെല്ലാം തീരുമാനിച്ചിരുന്നത് ചിമ്പുവാണ്. എന്നിട്ടും കൃത്യമായ സമയത്ത് ചിമ്പു ഷൂട്ടിങ്ങിന് എത്തിയിരുന്നില്ല. ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയാക്കാൻ ചിമ്പുവും ശ്രേയയും ചേർന്നുളള ഒരു പാട്ട് കൂടി ചിത്രീകരിച്ചാൽ മതിയാവുമായിരുന്നു. എന്നാൽ ശ്രേയ കൊളളില്ലെന്നും പകരം മറ്റൊരു നടിയെ വച്ച് മുഴുവൻ രംഗങ്ങളും ഒന്നുകൂടി ചിത്രീകരിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഞങ്ങൾ ആ പാട്ട് സിനിമയിൽ വേണ്ടെന്നുവച്ചു. രണ്ടാം ഷെഡ്യൂൾ ദുബായിൽ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ദുബായിലെ കാലാവസ്ഥ ശരിയല്ലെന്നും ഷൂട്ടിങ് ലൊക്കേഷൻ ലണ്ടനിലേക്ക് മാറ്റാനും ചിമ്പു ആവശ്യപ്പെട്ടു. ഇക്കാര്യം പറഞ്ഞ് ഷൂട്ടിങ് വൈകിപ്പിച്ചു. ഒടുവിൽ 2 മാസത്തിനുശേഷം ദുബായിലേക്ക് വരാമെന്നു സമ്മതിച്ചു. അതിനുശേഷം തനിക്ക് ഭാരം കുറയ്ക്കണമെന്നും അതിനുശേഷം ഷൂട്ടിങ്ങിന് വരാമെന്നും പറഞ്ഞു. എന്നാൽ ഭാരം കുറയ്ക്കാൻ ചിമ്പു ഒന്നുംതന്നെ ചെയ്തില്ല.

ദുബായ്ക്കു പകരം സിംഗപ്പൂരിൽ ഷൂട്ട് ചെയ്യാൻ ചിമ്പു വീണ്ടും ആവശ്യപ്പെട്ടു. ഒടുവിൽ തായ്‌ലൻഡിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. മുഴുവൻ ടീമും തായ്‌ലൻഡിൽ എത്തിയിട്ടും ചിമ്പു എത്തിയില്ല. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. എന്തുകൊണ്ടാണ് തായ്‌ലൻഡിൽ വരാത്തതെന്നു ചോദിച്ചു. സിനിമ നന്നായി വരണമെങ്കിൽ രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യണമെന്നും രണ്ടാം ഭാഗത്തിൽ പ്രതിഫലമൊന്നും വാങ്ങാതെ താൻ അഭിനയിക്കാമെന്നും പറഞ്ഞു. സമ്മതിച്ചില്ലെങ്കിൽ ഷൂട്ടിങ്ങിന് വരില്ലെന്നും ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കാൻ ഇനിയും ഒരു വർഷം എടുക്കുമെന്നും പറഞ്ഞു. ഞാൻ എത്ര ശ്രമിച്ചിട്ടും ചിമ്പു വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. ഒടുവിൽ തായ്‌ലൻഡിലുളള മുഴുവൻ ടീമിനോടും ചെന്നൈയിലേക്ക് മടങ്ങി വരാൻ പറഞ്ഞു.

ചിത്രത്തിലെ മൂന്നാമത്തെ കഥാപാത്രം അഭിനയിക്കാൻ ചിമ്പുവിന് താൽപര്യം ഉണ്ടായിരുന്നില്ല. അവസാനം സംവിധായകൻ ആദിക് നേരിട്ട് ചിമ്പുവിന്റെ അടുത്തെത്തി കരഞ്ഞ് അപേക്ഷിച്ചു. വെറും ഒരു മണിക്കൂറിൽ താൻ ആ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്യാമെന്നു പറഞ്ഞു. ചിമ്പു സമ്മതിച്ചു, തന്റെ വീട്ടിൽ വച്ച് ഷൂട്ട് ചെയ്യണമെന്നു പറഞ്ഞു. അവസാനം ചിമ്പു പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ വീട്ടിൽവച്ച് ഷൂട്ട് ചെയ്തു. സ്വന്തം വീട്ടിൽ വച്ചായിട്ടുപോലും ചിമ്പു കൃത്യസമയത്ത് ഷൂട്ടിന് എത്തിയില്ല.

ഡബ്ബിങ്ങിന് ചിമ്പു വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. റിലീസ് തീയതി അടുത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ചിമ്പു തന്റെ വീട്ടിലെ ബാത്റൂമിൽവച്ച് ഡയലോഗ് മൊബൈലിൽ റെക്കോർഡ് ചെയ്ത് ഞങ്ങൾക്ക് അയച്ചുതന്നു. ഞങ്ങൾ ആ ഓഡിയോ ക്ലിപ്പുമായി ഫോർ ഫ്രെയിംസിലെ ബാലകൃഷ്ണന്റെ അടുത്തേക്ക് പോയി. ക്ലിപ്പിന്റെ ക്വാളിറ്റി വളരെ മോശമാണെന്നും അദ്ദേഹത്തിന് ശബ്ദം മിക്സ് ചെയ്യാൻ കഴിയുന്നില്ലെന്നും പറഞ്ഞു. സെൻസർ ബോർഡിന് ചിത്രം നൽകാൻ 5 ദിവസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഒടുവിൽ വോയ്സ് മോഡുലേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ശബ്ദം ശരിയാക്കിയത്.

ഇത്രയും വലിയ പ്രതിസന്ധികൾ തരണം ചെയ്ത് സിനിമ റിലീസ് ചെയ്തിട്ടും അത് വലിയ പരാജയമായി മാറി. ഒരുപാട് കാരണങ്ങൾ കൊണ്ടാണ് ചിത്രം വിജയിക്കാത്തത്. അത് പലർക്കും അറിയില്ല. 30 ദിവസത്തെ കോൾഷീറ്റ് തന്നിട്ടും 13 ദിവസം മാത്രമാണ് തമന്ന അഭിനയിച്ചത്. 15 ദിവസത്തെ കോൾഷീറ്റ് തന്നിട്ട് 7 ദിവസം മാത്രമാണ് ശ്രേയ അഭിനയിച്ചത്. ഇതിനൊക്കെ കാരണം ചിമ്പുവാണ്. 76 ദിവസത്തെ ഷൂട്ടിങ് ആണ് നിശ്ചയിച്ചിരുന്നത്. എന്നാൽ 48 ദിവസം മാത്രമാണ് ഷൂട്ടിങ് നടന്നത്.

ഇനി ഒരു സംവിധായകനും ചിമ്പുവിൽനിന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടാകരുത്. നിങ്ങൾ സ്വയം സംരക്ഷിക്കുക''.

Simbu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: