/indian-express-malayalam/media/media_files/uploads/2023/07/Ajith.jpg)
അജിത്തിനെതിരെ ആരോപണവുമായി നിർമാതാവ് മാണിക്കം നാരായണൻ
തമിഴ് താരം അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നിർമാതാവ്. സെവൻത് ചാനൽ കമ്മ്യൂണിക്കേഷൻസിന്റെ ഉടമയും പ്രശസ്ത നിർമ്മാതാവുമായ മാണിക്കം നാരായണൻ ആണ് അജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമാ പ്രൊജക്റ്റിൽ സഹകരിക്കാമെന്ന് ഉറപ്പ് നൽകി അജിത് തന്നിൽ നിന്ന് പണം കടം വാങ്ങിയെന്നും എന്നാൽ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് നിർമാതാവ് അവകാശപ്പെടുന്നത്.
വേട്ടയാട് വിളയാട്, കൂലി, മാൻബുമിഗു മാനവൻ, സീനു തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് മാണിക്കം നാരായണൻ. “1995-96 ലാണ് അത് നടന്നത്. മാതാപിതാക്കളുടെ യാത്രാ പദ്ധതിക്ക് കുറച്ച് പണം ആവശ്യപ്പെട്ടാണ് അജിത്ത് എന്നെ സമീപിച്ചത്. ഒരു നടനെന്ന നിലയിൽ പ്രശസ്തി നേടിക്കഴിഞ്ഞാൽ എന്നോട് സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ഈ തുക തന്റെ ശമ്പളത്തിൽ നിന്നും ഈടാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ആ വാക്കുകളിൽ വിശ്വസിച്ച്, ഞാൻ സമ്മതിച്ചു, ആവശ്യപ്പെട്ട പണം ഉടൻ നൽകി. എന്നാൽ ഇതുവരെ, എന്നോടൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കാനുള്ള പ്രതിബദ്ധത അജിത് നിറവേറ്റുകയോ തുക തിരികെ നൽകുകയോ ചെയ്തിട്ടില്ല."
“സിനിമയിലല്ല, ജീവിതത്തിൽ അഭിനയിക്കേണ്ടത് എങ്ങനെയെന്ന് അവനറിയാം. എന്നിൽ നിന്ന് പണം കടം വാങ്ങിയിട്ടുണ്ടെങ്കിൽ, ആ വസ്തുത അംഗീകരിക്കണം. മാന്യനെന്ന് സ്വയം മുദ്രകുത്തിയിട്ടും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആ പദവിയുമായി പൊരുത്തപ്പെടുന്നില്ല. ഒരാൾക്ക് പണത്തെ പിൻതുടരാനാവും, അതേസമയം അയാൾ യഥാർത്ഥ ബഹുമാനം നേടുകയും നൽകുകയും വേണം. അത് ഒരാൾക്ക് വെറുതെ സ്വയം അവകാശപ്പെടാവുന്ന ഒന്നല്ല. സ്വയം പ്രഖ്യാപിക്കുന്നതിനുപകരം മാന്യമായ ഗുണങ്ങളെ കുറിച്ച് മറ്റുള്ളവരാണ് പറയേണ്ടത്," നാരായണൻ കൂട്ടിച്ചേർത്തു.
“എന്നിൽ നിന്ന് പണം കടം വാങ്ങിയതിന് അജിത്തിനെ വിമർശിക്കുകയല്ല എന്റെ ഉദ്ദേശം. എന്നിൽ നിന്ന് പണം കടം വാങ്ങിയെന്ന് സമ്മതിക്കാൻ വിസമ്മതിക്കുന്നതും അതേക്കുറിച്ച് എന്നോട് സംസാരിക്കാൻ തയ്യാറാവാത്തതുമാണ് എന്റെ പ്രധാന പ്രശ്നം," മാണിക്കം നാരായണൻ വ്യക്തമാക്കുന്നു.
അജിത്തിന്റെ ഭാര്യയും മുൻകാല നടനുമായ ശാലിനി ഒരുകാലത്ത് തന്റെ നല്ല സുഹൃത്തായിരുന്നുവെന്നും നാരായണൻ പരാമർശിച്ചു. “അദ്ദേഹത്തിന് വളരെ നല്ല കുടുംബമുണ്ട്, ഒരു സിനിമയ്ക്ക് 50 കോടി രൂപ പ്രതിഫലം വാങ്ങുന്നു. പിന്നെ എന്തിനാണ് മറ്റുള്ളവരെ വഞ്ചിക്കുന്നത്? അദ്ദേഹം ഒരു മാന്യന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെങ്കിൽ, അജിത് സിനിമകൾ നിർമ്മിച്ച് കാര്യമായ സാമ്പത്തിക നഷ്ടം നേരിട്ട എ എം രത്നത്തെപ്പോലുള്ള നിർമ്മാതാക്കളെ എന്തുകൊണ്ട് സഹായിച്ചുകൂടാ?"
നടൻ അജിത് കുമാറിനെതിരെ പരസ്യമായി ഇത്തരം ആരോപണം ഉന്നയിച്ചിട്ടുള്ള ഒരേയൊരു വ്യക്തി മാണിക്കം നാരായണൻ മാത്രമായിരിക്കും. ഇതാദ്യമായല്ല, നാരായണൻ അജിത്തിനെതിരെ രംഗത്തെത്തുന്നത്. മുൻപും പല കാലങ്ങളിൽ ഇതേ ആരോപണങ്ങൾ നാരായണൻ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ഈ അവകാശവാദങ്ങളെ അഭിസംബോധന ചെയ്യാനോ പ്രതികരിക്കാനോ അജിത് തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മുൻപ് സംവിധായകൻ മഗിഷ് തിരുമേനിയ്ക്ക് എതിരെയും നാരായണൻ ആരോപണങ്ങളുമായി എത്തിയിരുന്നു. മഗിഷ് തിരുമേനി സംവിധാനം ചെയ്ത മുൻദിനം പാർത്തേനി (2010) പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു നാരായണന്റെ ആരോപണം. തന്റെ പണം പാഴാക്കിയെന്നായിരുന്നു നാരായണന്റെ പരാതി. “സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ 110 ദിവസമെടുത്തു. ഒരു കോടി രൂപ ബജറ്റിൽ ചിത്രീകരണം പൂർത്തിയാക്കുമെന്ന് മഗിഷ് തിരുമേനി പറഞ്ഞു. എന്നാൽ ഇതിനായി 3.45 കോടി രൂപ എനിക്ക് ചെലവഴിക്കേണ്ടി വന്നു."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us