scorecardresearch
Latest News

അമിത പ്രതിഫലം വാങ്ങുന്നവര്‍ ഇനി വീട്ടിലിരിക്കട്ടെ: താരങ്ങൾക്കെതിരെ തുറന്നടിച്ച് സുരേഷ് കുമാർ

“പ്രതിഫലം ന്യായമായി ചോദിക്കുക, അന്യായ തുക അംഗീകരിക്കാനാവില്ല. നിര്‍മാതാവ് മരം കുലുക്കിയോ നോട്ടടിച്ചോ അല്ല പണം കൊണ്ടുവരുന്നത്”

G suresh kumar, producer Suresh Kumar
G. Suresh Kumar

അമിത പ്രതിഫലം വാങ്ങുന്നവരെ സിനിമയിൽ നിന്ന് ഒഴിവാക്കുമെന്ന് മുന്നറിയിപ്പു നൽകി നിർമാതാവ് സുരേഷ് കുമാർ. സിനിമയിലെ പല താരങ്ങളും അന്യായമായ പ്രതിഫലം ചോദിക്കുന്നുവെന്നും അതൊന്നും കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമ ഇപ്പോഴുള്ളതെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു. നാദിര്‍ഷയുടെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.

“സിനിമയുടെ ചെലവ് വല്ലാതെ കൂടിപ്പോകുന്നു. ചില താരങ്ങൾ ചോദിക്കുന്ന പ്രതിഫലം താങ്ങാവുന്നതിനെക്കാൾ അപ്പുറമാണ്. ചില താരങ്ങള്‍, വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമ. അത്തരക്കാരെ ഒഴിവാക്കിയുള്ള സിനിമകളായിരിക്കും ഇനി വരാൻ പോവുന്നത്. വലിയ തുക പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കിയുള്ള തീരുമാനമായിരിക്കും മലയാള സിനിമ എടുക്കാൻ പോവുന്നത്. ഇത്ര ബജറ്റില്‍ കൂടുതല്‍ ചോദിക്കുന്നവര‍െ ഒഴിവാക്കുക എന്നാണ് തീരുമാനം. ന്യായമായ പ്രതിഫലം വാങ്ങിക്കാം. അന്യായമായി ചോദിക്കരുത്. തിയേറ്ററിലെ വരുമാനം കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ തിയേറ്ററില്‍ ആളില്ല. ഒരു ഷോ നടത്താന്‍ പതിനഞ്ച് പേരേ നോക്കിനില്‍ക്കുന്ന അവസ്ഥയാണ്. അത് എല്ലാവരും മനസ്സിലാക്കണം. നിര്‍മാതാവ് മരം കുലുക്കിയോ നോട്ടടിച്ചോ അല്ല പണം കൊണ്ടുവരുന്നത്. അതും കൂടി മനസ്സിലാക്കണം. ഒരു നടനും സിനിമയില്‍ ഒഴിച്ചുകൂടാത്ത ആളല്ല. കണ്ടന്റാണ് പ്രധാനം. അത് നല്ലതാണെങ്കില്‍ സിനിമ ഓടും. അമിത പ്രതിഫലം വാങ്ങുന്നവര്‍ ഇനി വീട്ടിലിരിക്കട്ടെ. അതൊരു മുന്നറിയിപ്പാണ്. നിര്‍മാതാവിന്റെ കൂടെ നില്‍ക്കുന്ന സംവിധായകനും അഭിനേതാവും മാത്രം മതി,” സുരേഷ് കുമാര്‍ പറഞ്ഞു.

ചില നടീ നടൻമാര്‍ എഡിറ്റിംഗ് കാര്യത്തിലും മറ്റും ഇടപ്പെട്ട് പ്രശ്‍നമുണ്ടാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണനും ചൂണ്ടികാണിച്ചിരുന്നു. പണം മുടക്കിയ നിർമ്മാതാക്കളെ മാത്രമേ ഇനി സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്‍കയുടെ തീരുമാനമെന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Producer g suresh kumar about actors remuneration in malayalam cinema