സംവിധായകൻ ജൂഡ് ആന്തണിയും ആന്റണി വർഗ്ഗീസ് പെപ്പെയുമായുള്ള വാദപ്രതിവാദങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമാ മേഖലയിലെ ചർച്ചാവിഷയം. ഒരു നിർമാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയ ശേഷം സിനിമ ചെയ്യാതെ പെപ്പെ പറ്റിച്ചു എന്നായിരുന്നു ജൂഡ് ആരോപിച്ചത്. സഹോദരിയുടെ വിവാഹം നടത്താനെന്നു പറഞ്ഞാണ് അഡ്വാൻസ് വാങ്ങിയതെന്നും ജൂഡ് പറഞ്ഞിരുന്നു. ഒടുവിൽ വെള്ളിയാഴ്ച്ച രാവിലെ പെപ്പെ പ്രസ് മീറ്റ് വിളിക്കുകയും തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു. തന്റെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ കാണിച്ച് കേസ് നൽകിയിട്ടുണ്ടെന്ന് പെപ്പെ പറഞ്ഞിരുന്നു. ഒടുവിൽ വെള്ളിയാഴ്ച്ച വൈകീട്ടോടെ പെപ്പെയോട് മാപ്പു പറഞ്ഞ് ജൂഡ് ആന്തണിയും രംഗത്തെത്തി.
സംഭവങ്ങളിൽ ഉൾപ്പെട്ട നിർമാതാവ് അരവിന്ദന്റെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ നിർമിക്കാൻ തീരുമാനിച്ച ചിത്രത്തിനു എന്താണ് സംഭവിച്ചതെന്നും പ്രശ്നങ്ങളുടെ അടിസ്ഥാനമെന്തെന്നും വിശദീകരിക്കുകയുമാണ് നിർമാതാക്കളായ അരവിന്ദും പ്രവീണും. താൻ കാരണം സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരാൾക്ക് മോശം വരരുതെന്ന് കരുതിയാണ് ഇങ്ങനൊരു വീഡിയോ ചെയ്യാൻ തീരുമാനിച്ചതെന്നും അരവിന്ദ് പറയുന്നു.
“ജൂഡ് തന്റെയാണ് ആന്റണിയുടെ പേര് സിനിമയ്ക്കായി പറഞ്ഞത്. വളരെ നല്ല അഭിപ്രായമാണ് ആന്റണിയെപ്പറ്റി ജൂഡ് പറഞ്ഞത്. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ആന്റണിയ്ക്കു ഇഷ്ടപ്പെടുകയും ചെയ്തു. ആദ്യം രണ്ടു ലക്ഷം രൂപയാണ് അഡ്വാൻസായി നൽകാൻ തീരുമാനിച്ചിരുന്നത് എന്നാൽ ആന്റണിയ്ക്ക് എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞതു കൊണ്ട് പത്തു ലക്ഷം രൂപ അഡ്വാൻസായി നൽകുകയായിരുന്നു. 2019 ജൂൺ 27 നായിരുന്നത്. പിന്നീട് ഡിസംബർ ആദ്യ വാരം കാസ്റ്റിങ്ങ് വീഡിയോ ഷൂട്ട് ചെയ്തു. അങ്ങനെ ജനുവരി 10 ന് ഷൂട്ടിങ്ങ് ആരംഭിക്കാനുളള തീരുമാനമെടുത്തു. ആന്റണിയും അതു സമ്മതിച്ചതാണ്. ഡയറക്ടറും മറ്റു അണിയറപ്രവർത്തകരും ലൊക്കേഷനും ഷൂട്ടിങ്ങിനു ആവശ്യമായ കാര്യങ്ങളുടെയും തിരക്കിലായിരുന്നു. ഒരു ആവശ്യത്തിനായി ഇതിനിടയിൽ ആന്റണിയെ ജൂഡ് വിളിച്ചപ്പോഴാണ് സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന കാര്യം പറഞ്ഞത്. സംവിധായകൻ കൺവിൻസ് ചെയ്യാൻ ശ്രമിച്ചെങ്കിലും ആന്റണി ചിത്രത്തിൽ നിന്ന് പിന്മാറി” നിർമാതാവ് അരവിന്ദ് പറഞ്ഞു. പെങ്ങളുടെ വിവാഹമാണെന്ന് പറഞ്ഞാണ് പത്തു ലക്ഷം അഡ്വാൻസ് വാങ്ങിയതെന്നും ഇരുവരും ആവർത്തിച്ചു.
ആന്റണി പറയുന്നത് അദ്ദേഹത്തിന്റെ ഭാഗം മാത്രമാണെന്നും തങ്ങളും ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയെന്നും ഇവർ പറയുന്നുണ്ട്. 2019ൽ നിന്നു പോയ ആ ചിത്രം ഇതുവരെ തുടരാൻ സാധിച്ചില്ലെന്നും പെപ്പെ കാരണം മറ്റനവധി നഷ്ടങ്ങൾ സംഭവിച്ചെന്നും നിർമാതാക്കൾ പറഞ്ഞു. എന്നാൽ തങ്ങൾക്ക് ആരോടും പരിഭവമില്ലെന്നും കാര്യങ്ങൾ വിശദീകരിക്കണമെന്ന് തോന്നിയതു കൊണ്ട് മാത്രമാണ് വീഡിയോ ഷെയർ ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു.