മമ്മൂട്ടി നായകനാകുന്ന ‘പുഴു’ ഇന്ന് അർദ്ധരാത്രിയോടെ റിലീസിനെത്തുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണ് ‘പുഴു’ റിലീസ് ചെയ്യുന്നത്. നേരിട്ട് ഒടിടി റിലീസ് ആകുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ‘പുഴു’. ദുൽഖറിന്റെ നിർമ്മാണകമ്പനിയായ വേഫെറെർ ഫിലിംസും സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോർജും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ റത്തീനയാണ്. പാർവതി തിരുവോത്താണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പുഴുവിൽ അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് നിർമാതാവും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ ആന്റോ ജോസഫിന്റെ വാക്കുകൾ. മമ്മൂട്ടിയ്ക്കും കുടുംബത്തിനുമൊപ്പം പുഴുവിന്റെ പ്രിവ്യൂ കണ്ടതിനു ശേഷമായിരുന്നു ആന്റോയുടെ പ്രതികരണം.
“മമ്മൂക്കയുടെ ‘പുഴു’ നാളെ ‘സോണി ലീവി’ലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. കുറച്ചുദിവസം മുമ്പ് മമ്മൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ചിത്രം കാണാന്‍ അവസരമുണ്ടായി. കഥാപരിസരത്തെക്കുറിച്ചോ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ചോ പറഞ്ഞ് രസച്ചരട് മുറിക്കുന്നില്ല. പക്ഷേ ഒന്നുപറയട്ടെ. സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയി. അത്രയേറെ ദേഷ്യംതോന്നി പേരുപോലുമില്ലാത്ത ആ നായകനോട്. ഒരു പുഴു ദേഹത്ത് ഇഴഞ്ഞുകയറിയതിന്റെ അസ്വസ്ഥത. അത്രയും നേരം എനിക്കരികെയുണ്ടായിരുന്ന, കാലങ്ങളായി പരിചിതനായ ഒരാളാണോ സ്‌ക്രീനില്‍ ഇങ്ങനെ രൂപമാറ്റം സംഭവിച്ച് എന്റെയുള്ളിലേക്ക് കോപം കോരിയിട്ടത്. കഥാപാത്രത്തോട് ദേഷ്യം തോന്നിയപ്പോൾ മമ്മൂക്കയോടുള്ള ഇഷ്ടം കൂടുകയായിരുന്നു. കൂടുവിട്ടുകൂടുമാറ്റം എന്ന ജാലവിദ്യയാണ് എനിക്ക് പരിചയമുള്ള പഞ്ചപാവം മമ്മൂക്കയുടെ അടുത്തിരുന്ന്‌കൊണ്ട് ഞാന്‍ തൊട്ടുമുന്നിലെ സ്‌ക്രീനില്‍ കണ്ടത്. കഥാപാത്രങ്ങളോടുള്ള മമ്മൂട്ടി എന്ന നടന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ നേര്‍ക്കാഴ്ച.
മമ്മൂക്കയ്ക്ക് ഒരിക്കലും അഭിനയിച്ച് കൊതിതീരുന്നില്ല. നമുക്ക് മമ്മൂക്കയെ കണ്ടും കൊതിതീരുന്നില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ മമ്മൂക്കയെയും നമ്മളെയും കൊതിപ്പിക്കാന്‍ കാലം കാത്തുവച്ചിട്ടുണ്ട് എന്നുറപ്പാണ്. പാര്‍വതിയാണ് മമ്മൂക്കയ്‌ക്കൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു വേഷം സ്വീകരിക്കുന്നതുമുതല്‍ സംവിധായകയുടെ മനസിലെ രൂപത്തെ സാക്ഷാത്കരിക്കുന്നതുവരെയുള്ള ഘട്ടങ്ങളില്‍ പാര്‍വതി കാണിച്ച ധൈര്യവും ആത്മാര്‍പ്പണവും അഭിനന്ദനാര്‍ഹമാണ്. നമ്മുടെയൊക്കെ പ്രിയങ്കരനായ അപ്പുണ്ണി ശശിയുടെ പ്രകടനവും എടുത്തുപറയണം. എല്ലാ അഭിനേതാക്കളും അത്യുഗ്രന്‍. ഇങ്ങനെയൊരു കഥയ്ക്ക് സിനിമാരൂപമേകിയ രത്തീന എന്ന സംവിധായികയ്ക്ക് ബിഗ്‌സല്യൂട്ട്. ആദ്യചിത്രം കൊണ്ടുതന്നെ രത്തീന സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു” ആന്റോ ജോസഫ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഉണ്ടയുടെ കഥാകൃത്തായ ഹർഷാദ് ആണ് പുഴുവിന്റെ കഥയൊരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ് ചിത്രത്തിന്റെ ക്യാമറമാൻ. മനു ജഗദ് ആണ് കലാസംവിധാനം.
Read more: ഏഴാം നാള്‍ കഥ പറയാന്‍ ഒരു വിശിഷ്ടാതിഥിയെത്തി; ‘പുഴു’ ട്രെയിലര്‍