മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച എക്കാലത്തേയും മികച്ച ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രേക്ഷകരെപ്പോലെ സിനിമാ ലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ രണ്ടാംവരവിനായി. ചര്‍ച്ചകളെല്ലാം ബിലാലിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍. പത്തു വര്‍ഷത്തിന് ശേഷം ബിലാല്‍ തിരിച്ചെത്തുമ്പോള്‍ കൂടെ ആരൊക്കെയുണ്ടാകും എന്നതാണ് പ്രധാന ചര്‍ച്ച.
Read More: ‘കാത്തിരിപ്പിന്റെ പെയിന്‍’ അനുഭവിച്ചോളു; ബിലാല്‍ വീണ്ടുമെത്തുന്നു
ബിഗ് ബിയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ മമ്മൂട്ടിക്കൊപ്പം സാധ്യത കല്പ്പിച്ചിരുന്നത് ദുല്‍ഖര്‍ സല്‍മാനായിരുന്നെങ്കിലും നറുക്ക് വീണത് പ്രണവ് മോഹന്‍ലാലിനാണ് എന്നതാണ് സൂചനകള്‍ പറയുന്നത്. ഇന്നാല് ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പ്രണവ് മോഹന്‍ലാല്‍ തനിക്ക് ദുല്ഖറിനെപ്പോലെയാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും അന്ന് മമ്മൂട്ടി വെളിപ്പെടുത്തിയതാണ്.
മമ്മൂട്ടിയും മോഹന്‍ലാലും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചെത്തിയിരുന്നു. മോഹന്‍ലാലിനെയും പ്രണവിനെയും ഒന്നിച്ച് സിനിമയിലവതരിപ്പിച്ചത് സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ അമല്‍ നീരദായിരുന്നു. നിലവില്‍ ജീത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് പ്രണവ്.