രണ്ട് ഹോളിവുഡ് സിനിമകളുടെ തിരക്കുകളില്‍ നിന്നാണ് പീ സീ എന്ന് ഓമനപേരുള്ള പ്രിയങ്ക ചോപ്ര മുംബൈയിലെത്തിയത്. “എ കിഡ് ലൈക്‌ ജേക്ക്”, “ഈസ്‌ന്റ് ഇറ്റ്‌ റൊമാന്റിക്‌” എന്ന രണ്ടു സിനിമകളിലാണ് പ്രേക്ഷക ശ്രദ്ധ നേടിയ “ക്വാന്റിക്കോ”യ്ക് ശേഷം പീ സീ അഭിനയിക്കുന്നത്.

രണ്ടാഴ്ചക്കാലത്തെ അവധിക്കു മുംബൈയിലെ വീട്ടില്‍ എത്തിയ പീ സീ തന്‍റെ ബ്രാന്‍ഡ് എന്‍ഡോര്‍സ്മെന്റുകള്‍ കൂടാതെ ചില ബോളിവുഡ് സിനിമകളുടെ ചര്‍ച്ചകളിലുമാണ്. ഇതില്‍ പ്രധാനപ്പെട്ടത് സഞ്ജയ്‌ ലീല ഭന്‍സാലിയുടെ “ഗുസ്താഖിയാന്‍” എന്ന പീരീഡ്‌ ചിത്രമാണ്. ഈ ചിത്രം കരാറാവുകയാനെങ്കില്‍ മൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇറങ്ങുന്ന ഒരു പീ സീ ചിത്രമാവും ഇത്. ഇപ്പോള്‍ ഹോളിവുഡില്‍ സജീവമായ അവര്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ച ഹിന്ദി ചിത്രം സഞ്ജയ്‌ ലീല ഭന്‍സാലിയുടെ “ബാജി റാവു മസ്താനി”യാണ്.

പീ സീയുടെ തിരിച്ചു വരവ് കാത്തിരിക്കുന്ന ആരാധകരോട് എന്നാല്‍ പീ സീയ്ക് പറയാനുള്ളത് ഇതൊന്നുമല്ല. നാളുകള്‍ കൂടി മുംബൈയിലേയ്ക്കു മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് കക്ഷി.

സുഹൃത്ത് റിതേഷ് സിധ്വാനിയുടെ പിറന്നാള്‍ പാര്‍ട്ടി, അംബാനിമാരുടെ ഗണേഷ് പൂജ തുടങ്ങിയവയില്‍ പങ്കെടുത്ത പ്രിയങ്ക തന്‍റെ ഹോളിവുഡ് ആലഭാരങ്ങള്‍ അഴിച്ചു വച്ച് പൂര്‍ണ്ണമായും ഒരു മുംബൈ ഗേള്‍ ആവുന്ന കാഴ്ചയാണ് ബോളിവുഡ് കണ്ടത്. ഗണേശോത്സവത്തിന്റെ ലഹരിയില്‍ മുംബൈയിലെത്തിയ പീ സീ, നഗരത്തിന്‍റെ പ്രിയപ്പെട്ട ‘ലാല്‍ ബാഗ് ച രാജ’യുടെ ദര്‍ശനവും നടത്തി.

അതിനു ശേഷം സുഹൃത്തുക്കളോടൊപ്പം മറൈന്‍ ഡ്രൈവിലെത്തിയ പീ സീ കടന്ന കാലത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ നൊസ്റ്റാള്‍ജിക്ക് ആയി.

‘മറൈന്‍ ഡ്രൈവിലെ ഈ കടല്‍തീരത്ത് ഞാനിരുന്നിട്ട് വര്‍ഷങ്ങളായി. മോഡലിംഗ് കാലത്ത് ഏറ്റവും ഇഷ്ടമുള്ള ഒന്നായിരുന്നു ഇവിടെ വന്നിരിക്കുന്നത്. ഒരു നിമിഷം ഇവിടെ നിന്ന്, ഈ കാറ്റിത്തിരിക്കൊള്ളാന്‍ ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലില്‍പ്പെട്ട നാം മറന്നു പോയിരിക്കുന്നു.’, മിഡ്നൈറ്റ്‌ തഫ്റീ എന്ന് പീ സീ വിശേഷിപ്പിച്ച തന്‍റെ ചെറിയ സന്തോഷങ്ങളെക്കുറിച്ച് അവര്‍ ഇങ്ങനെ പറഞ്ഞു. പ്രശസ്തമായ അമര്‍ ജ്യൂസ്‌ സെന്ററിലെ തന്‍റെ പ്രിയപ്പെട്ട ഹോട്ട് പിസ്സ കഴിച്ചാണ് പീ സീ ആ വൈകുന്നേരം അവസാനിപ്പിച്ചത്.

മുംബൈ നല്‍കുന്ന സന്തോഷം കൂടാതെ പീ സീയ്ക്ക് ആഘോഷിക്കാന്‍ മറ്റൊരു കാര്യം കൂടിയുണ്ട്. അവര്‍ നിര്‍മ്മിച്ച സിക്കിമീസ് ചിത്രം “പഹുന” ടോറോന്റോ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പാഖി ടയര്‍വാല സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 7 ന് മേളയില്‍ പ്രദര്‍ശിപ്പിക്കും.

‘എനിക്കും എന്‍റെ അമ്മ മധു ചോപ്രയ്ക്കും പര്‍പ്പിള്‍ പെബിള്‍ പിക്ചേര്‍സ് എന്ന ഞങ്ങളുടെ നിര്‍മ്മാണ കമ്പനിയ്ക്കും ഇതൊരു അഭിമാന മുഹൂര്‍ത്തമാണ്. ഞങ്ങളുടെ അഞ്ചാമത്തെ ചിത്രമായ “പഹുന” ടോറോന്റോ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതില്‍ അത്യധികം സന്തോഷിക്കുന്നു. നല്ല കഥകളെ അഭ്രപാളികളില്‍ എത്തിക്കാനും അത് പറയാന്‍ കെല്‍പ്പുള്ളവര്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കാനും സഹായിക്കുക എന്നതാണ് ഒരു നിര്‍മ്മാതാവെന്ന നിലയില്‍ എന്‍റെ ലക്‌ഷ്യം,” പ്രിയങ്ക ചോപ്ര പത്രക്കുറിപ്പില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ