പ്രിയങ്ക ചോപ്രയുടെ ബ്രൈഡൽ ഷവറിൽനിന്നുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ന്യൂയോർക്ക് ടിഫാനി ബ്ലൂ ബോക്സ് കഫേയിൽ സുഹൃത്തുക്കൾ ഒരുക്കിയ ബ്രൈഡൽ ഷവറിൽ പങ്കെടുക്കാൻ തൂവെളള വസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. 4.4 ലക്ഷം വിലവരുന്നതായിരുന്നു പ്രിയങ്കയുടെ വസ്ത്രം.

വസ്ത്രത്തോടൊപ്പം തന്നെ ഏവരുടെയും ശ്രദ്ധയാകർഷിച്ചത് പ്രിയങ്ക ധരിച്ചിരുന്ന ആഭരണങ്ങളായിരുന്നു. പ്രിയങ്ക ധരിച്ചിരുന്ന ആഭരണങ്ങളുടെ മൊത്തം വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

ഏകദേശം 8 കോടിയോളം രൂപ വിലവരുന്ന ടിഫാനി ആഭരണങ്ങളാണ് ബ്രൈഡൽ ഷവറിനെത്തിയ പ്രിയങ്കയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നാണ് പീപ്പിൾ ഡോട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് 2.1 കോടി വില വരുന്ന പ്രിയങ്കയുടെ എൻഗേജ്മെന്റ് മോതിരത്തിനു പുറമേയാണ്. അതും കൂടി ഉൾപ്പെടുത്തിയാൽ 9.5 കോടിയോളം വില വരുന്ന ആഭരണങ്ങളാണ് പ്രിയങ്ക ധരിച്ചിരുന്നത്.

പ്രിയങ്കയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടക്കം 100 പേരാണ് ബ്രൈഡൽ ഷവറിൽ പങ്കെടുത്തത്. നിർമ്മാതാവായ മുബിന റാട്ടോൺസിയും പ്രിയങ്കയുടെ മാനേജർ അൻജുല ആചാര്യയും ചേർന്നു സംഘടിപ്പിച്ച ബ്രൈഡൽ ഷവർ പാർട്ടിയിൽ നീതു കപൂർ, സൊനാലി ബെന്ദ്ര, കെല്ലി റിപ, ലുപിത ന്യോൻഗോ, കെവിൻ ജോനാസ് എന്നിവരും പങ്കെടുത്തു. ബ്രൈഡൽ ഷവറിനോട് അനുബന്ധിച്ച് ഡിജെ പാർട്ടിയും സംഘടിപ്പിച്ചിരുന്നു.

അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ നിക്ക് ജൊനാസുമായി പ്രിയങ്കയുടെ വിവാഹം ഡിസംബറോടെ ഉണ്ടാവുമെന്നാണ് വാർത്തകൾ. എന്നാൽ വിവാഹ തീയതി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡിസംബറിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരിക്കും പ്രിയങ്ക-നിക് വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പാരമ്പര്യ രീതിയിലായിരിക്കും വിവാഹമെന്നും മൂന്നു ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും ആഘോഷങ്ങളെന്നും സൂചനകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook