ഈ വർഷം ജനുവരിയിലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസിനും ഒരു മകൾ പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് പ്രിയങ്കയും നിക്കും മകൾക്ക് പേരിട്ടിരിക്കുന്നത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു മാൾട്ടിയുടെ ജനനം.
മകൾക്കൊപ്പമുള്ള ന്യൂയോർക്ക് യാത്രാചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് പ്രിയങ്ക ഇപ്പോൾ. ന്യൂയോർക്കിലേക്കുള്ള മാൾട്ടിയുടെ ആദ്യത്തെ ട്രിപ്പാണിതെന്നാണ് പ്രിയങ്ക കുറിക്കുന്നത്.
അമ്മയ്ക്ക് ഒപ്പം പുറം കാഴ്ചകൾ കണ്ട് പുറംതിരിഞ്ഞിരിക്കുന്ന മാൾട്ടിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. എട്ടുമാസം പ്രായമായി മാൾട്ടിയ്ക്ക് ഇപ്പോൾ. മകളുടെ മുഖം വ്യക്തമായി കാണുന്ന രീതിയിലുള്ള ചിത്രങ്ങളൊന്നും തന്നെ പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറില്ല. പുതിയ ചിത്രത്തിലും മാൾട്ടിയുടെ മുഖം വ്യക്തമല്ല.
യുഎസിലെ സാൻ ഡിയേഗോ ഹോസ്പിറ്റലിൽ ജനുവരി 15നാണ് മാൾട്ടി ജനിച്ചത്. മാൾട്ടി എന്ന പേര് സംസ്കൃതത്തിൽനിന്നാണ്, സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശമാണ് ഇത് അർത്ഥമാക്കുന്നത്. കടലിലെ നക്ഷത്രം എന്നർത്ഥം വരുന്ന ‘മാരിസ്’ എന്ന ലാറ്റിൻ പദത്തിൽ നിന്നുള്ളതാണ് മേരി. യേശുക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഫ്രഞ്ച് പതിപ്പ് കൂടിയാണ് മേരി എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പേരായ മധുമാൾട്ടിയുടെ ഭാഗമാണ് മാൾട്ടി.
2018 ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. തങ്ങൾക്ക് കുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്.