അടുത്തിടെയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഹോംവെയർ പ്രൊഡക്റ്റുകളുടെ ബിസിനസ് ആരംഭിച്ചത്. സോന ഹോം എസെൻഷ്യൽസ് എന്നാണ് തന്റെ സംരംഭത്തിന് പ്രിയങ്ക പേരു നൽകിയിരിക്കുന്നത്. എന്നാൽ, സാധനങ്ങൾക്ക് പ്രിയങ്ക ഏർപ്പെടുത്തിയ വിചിത്രമായ വിലവിവരപട്ടികയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്.
സോനയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ഒരു സാധാരണ മേശവിരിയ്ക്ക് 31,000 രൂപയാണ് വില. ഒരു കപ്പിന്റെയും സോസർ സെറ്റിന്റെയും വില ഏകദേശം 5,300 രൂപയും (68 യുഎസ് ഡോളർ), ചട്ണി പാത്രങ്ങളുടെ (6 ബൗളുകൾ അടങ്ങിയ ഒരു സെറ്റിന്) 15,000 രൂപ എന്നിങ്ങനെ പോവുന്നു വിലവിവരപട്ടിക.
ഇതുമായി ബന്ധപ്പെട്ട് ട്വീറ്റുകളും ട്രോളുകൾ നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ. “31,000 രൂപ വിലയുള്ള ഒരു ടേബിൾക്ലോത്ത് വെറുതെ വാങ്ങിവയ്ക്കാവുന്ന രീതിയിലേക്ക് എനിക്ക് സമ്പന്നനാകണം,” എന്നാണ് ഒരു ട്വീറ്റ്.
“ഞാൻ പുതിയ ഡിന്നർവെയർ ആഗ്രഹിക്കുന്നു, പക്ഷേ ഒരു പ്ലേറ്റിന് 60 ഡോളർ! മിസ് ചോപ്ര, നിങ്ങൾക്ക് ഭ്രാന്താണോ?,”എന്ന് മറ്റൊരു ട്വിറ്റർ ഉപയോക്താവ് ചോദിക്കുന്നു. അമേരിക്കകാർക്ക് ഇങ്ങനെതന്നെ വേണമെന്നാണ് മറ്റൊരു ട്രോൾ.