ഹോളിവുഡിലും ബോളിവുഡിലുമായി ഓടി നടക്കുന്നതിനിടയിലാണ് പ്രിയങ്കാ ചോപ്ര സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടന്നത്. പര്‍പ്പിള്‍ പെബിള്‍ പിക്ച്ചേര്‍സ് എന്ന പ്രിയങ്കയുടെ ബാനര്‍ ഇതിനോടകം തന്നെ ഭോജ്പുരി, മറാഠി, പഞ്ചാബി, സിക്കിമീസ് എന്നീ ഭാഷകളില്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞു.
സിക്കിമീസ് ചിത്രം ‘പഹുന’ ഇപ്പോള്‍ നടക്കുന്ന ടോറോന്റോ മേളയില്‍ പ്രിമിയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത് എന്ന് പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഒരു വനിതാ സംവിധായികയുടെ ആദ്യ സംരംഭത്തിന് പിന്തുണ നല്കാന് സാധിച്ചതില്‍ സന്തോഷിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാഖി ടയര്‍വാലയാണ് ‘പഹുന’ സംവിധാനം ചെയ്തിരിക്കുന്നത്.

വരും ദിവസങ്ങളില്‍ ബംഗാളി, ഗുജറാത്തി, മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലേക്കും കടക്കും എന്ന് നിര്‍മ്മാണ കമ്പനിക്കു സാരഥ്യം വഹിക്കുന്ന പ്രിയങ്കയുടെ അമ്മ മധു ചോപ്ര ടോറോന്റോയില്‍ അറിയിച്ചു.
‘ഇപ്പോള്‍ ഞങ്ങള്‍ ബംഗാളി ചിത്രമായ ‘നളിനി’ യുടെ സ്ക്രിപ്റ്റ് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. അതിനു ശേഷം ആസാമീസ് സംവിധായകന് ജാനു ബറുവയുമായുള്ള ഒരു സിനിമയാണ്. ഇതിനോടൊപ്പം തന്നെ ഗുജറാത്തി, മലയാളം എന്നീ ഭാഷകളിലെ പ്രൊജക്റ്റുകളും ആലോചനയിലുണ്ട്.’
പ്രിയങ്ക തന്നെ നിര്‍മ്മിച്ച മറാഠി ചിത്രം ‘വെന്റിലേറ്റര്‍’ ആണ് മലയാളത്തിലേക്കായി ആലോച്ചനയിലുള്ള സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിലെ മുതിര്‍ന്ന ഒരംഗം വെന്റിലേറ്ററില്‍ കിടക്കുന്ന വേളയില്‍ ഒരു കുടുംബം കടന്നു പോകുന്ന അവസ്ഥയാണ് കഥാതന്തു. രാജേഷ് മപുസ്കര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച സംവിധായകനുള്‍പ്പെടെ മൂന്ന് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു.
മലയാള ചിത്രത്തിന്റെ അണിയറയില്‍ ആരൊക്കെയാണ് എന്നുള്ള വിവരങ്ങള്‍ വരും ദിവസങ്ങളിൽ അറിയാന്‍ സാധിക്കും എന്ന് കരുതുന്നു. മലയാളത്തില്‍ വേരുകളുള്ള പ്രിയങ്കയുടെ അമ്മ മധു ചോപ്ര തന്നെയായിരിക്കും മലയാളം ചിത്രത്തിന്റെയും ചുക്കാന്‍ പിടിക്കുക. മധു ചോപ്രയുടെ അമ്മ മേരി ജോണ്‍ കോട്ടയത്തുകാരിയാണ്. കഴിഞ്ഞ വര്‍ഷം അന്തരിച്ച അവരുടെ അന്ത്യകര്മ്മങ്ങല്ക്കായി പ്രിയങ്ക കോട്ടയത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു.