ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രിയങ്ക ചോപ്രയുടെ ‘ദ സ്‌കൈ ഈസ് പിങ്ക്’ ഒരുങ്ങുന്നു. സംവിധായകൻ ഷോണാലി ബോസിനും സഹതാരങ്ങളായ ഫർഹാൻ അക്തറിനും സൈറ വാസിമിനും ഒപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് പ്രിയങ്ക തന്നെയാണ്. ചിത്രത്തിന്റെ സംവിധായകരായ റോണി സ്ക്രൂവാലയും സിദ്ധാർത്ഥ് റോയ് കപൂറും ഫോട്ടോകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

പതിമൂന്നാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടതിനു ശേഷവും തളരാതെ ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ‘ദ സ്‌കൈ ഈസ് പിങ്ക്’. സൈറ വാസിമാണ് ചിത്രത്തിൽ ഐഷ ചൗധരിയുടെ വേഷം ചെയ്യുന്നത്. ഐഷ ചൗധരിയുടെ അമ്മവേഷമാണ് ചിത്രത്തിൽ പ്രിയങ്കയ്ക്ക്. ഫർഹാൻ അക്തറാണ് ഐഷയുടെ അച്ഛന്റെ വേഷം ചെയ്യുന്നത്.

” ഇന്ന് ഞാനേറെ സന്തോഷവതിയാണ്. ലോകം അറിയേണ്ട ചില കഥകളുണ്ട്. അത്തരമൊരു ജീവിതകഥയാണ് ഐഷ ചൗധരിയുടേത്. ഐഷയുടെയും ​അവളുടെ ​മാതാപിതാക്കളായ അതിഥിയുടെയും നിരന്റെയും ജീവിതകഥ അവിശ്വസനീയമാണ്. ഏറെ​ ആവേശത്തോടെയാണ് ഞാനീ സിനിമയെ സമീപിക്കുന്നത്” പ്രിയങ്ക പറയുന്നു.

മാർഗരിറ്റയും ഷോണാലി ബോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജൂഹി ചതുർവേദിയാണ് സംഭാഷണം ഒരുക്കുന്നത്.

ഇപ്പോൾ ഹോളിവുഡിൽ സജീവമായ പ്രിയങ്ക രണ്ടു വർഷങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരുന്ന ചിത്രമെന്ന വിശേഷണവും ദ സ്‌കൈ ഈസ് പിങ്കിനു സ്വന്തം. 2016 ൽ പ്രകാശ് ജായുടെ ജയ് ഗംഗാജലിൽ ആണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook