ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രിയങ്ക അഭിനയിക്കുന്ന എബിസിയുടെ ക്രൈം ഡ്രാമയായ ക്വാന്റിക്കോയിലെ ഒരു എപ്പിസോഡാണ് പ്രതിഷേധത്തിന് കാരണമായത്. അമേരിക്കയില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനത്തില്‍ ഒരു ഇന്ത്യക്കാരന് പങ്കെടുക്കുകയും ഇതിനെ പാക്കിസ്ഥാന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ക്വാന്റിക്കോയില് അവതരിപ്പിച്ചത്.
ഇതിന് പിന്നാലെ അമേരിക്കന്‍ ടെലിവിഷന്‍ സ്റ്റുഡിയോ ആയ എബിസി മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. ‘ഈ എപ്പിസോഡിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതില്‍ മിക്കതും പ്രിയങ്ക ചോപ്രയെ ലക്ഷ്യമിട്ടായിരുന്നു. പ്രിയങ്ക അവതരിപ്പിക്കുകയോ തയ്യാറാക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്ത പരിപാടിയല്ല ഇത്’, വാള്ഡ്ഡ് ഡിസ്നിയുടെ എബിസി വ്യക്തമാക്കി.
ക്വാന്റിക്കോയിലെ ഈ എപ്പിസോഡ് പുറത്തുവന്നതിന് പിന്നാലെ പ്രിയങ്കയെ സാംസങ് ഇലക്ട്രോണിക്സിന്റെ പരസ്യക്കരാറില്‍ നിന്ന് ഒഴിവാക്കണമെന്നും സോഷ്യല്‍മീഡിയയില്‍ ആവശ്യം ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ ഇന്ത്യക്കാരന് ഹിന്ദു മന്ത്രോച്ചാരണങ്ങള്‍ നടത്തി ന്യൂക്ലിയര്‍ ബോംബ് സ്ഥാപിക്കുന്ന രംഗം ഇന്ത്യയില്‍ നിരോധിക്കണമെന്നു ചിലര്‍ ആവശ്യപ്പെട്ടു. ‘ഹിന്ദു ഭീകരത എന്ന കാല്‍പ്പനികതയെ ഒരു കെട്ടുകഥയോടെ അമേരിക്കയിലെ ടെലിവിഷനില്‍ പ്രിയങ്കയുടെ സഹായത്തോടെ അവതരിപ്പിക്കുകയാണ്. ഇന്ത്യയെ പ്രിയങ്ക വഞ്ചിക്കുന്നത് പോലെ പാക്കിസ്ഥാനെ വഞ്ചിക്കാന്‍ ഒരു പാക് നടി തയ്യാറാകുമോ?’ അമേരിക്ക അടിസ്ഥാനമാക്കിയുളള ഹിന്ദു പണ്ഡിതന് ഡേവിഡ് ഫ്രോലി പറഞ്ഞു.
എപ്പിസോഡില്‍ പ്രിയങ്കയ്ക്ക് പങ്കില്ലെന്ന് എബിസി വ്യക്തമാക്കി. ‘പല വംശത്തിലുളളവരെ പരിപാടിയില്‍ വില്ലന്മാരായി മുമ്പും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കരുതിക്കൂട്ടിയല്ലാതെയാണ് ഇത്തരമൊരു രാഷ്ട്രീയ പ്രവേശനം ഞങ്ങള്‍ കൈകാര്യം ചെയ്തത്. ആരേയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല’, എബിസി വ്യക്തമാക്കി.