ശ്രീദേവിയുടെ മരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ആരാധകരും കുടുംബവും സിനിമാ ലോകവും ഇനിയും മോചിതരായിട്ടില്ല. പ്രത്യേകിച്ച് എണ്‍പതുകളിലും തൊണ്ണൂറുകളിലും വളര്‍ന്ന ആളുകള്‍. ശ്രീദേവിയുടെ മരണം പലരേയും പോലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ പ്രിയങ്ക ചോപ്രയ്ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ടൈം മാഗസിനില്‍ ശ്രീദേവിയെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ അതിനു തെളിവാണ്.

‘എന്റെ ബാല്യകാലം തന്നെ അവരായിരുന്നു. ഞാന്‍ ഒരു നടിയാകാനുള്ള ഏറ്റവും വലിയ കാരണങ്ങളില്‍ ഒന്നും അവര്‍ തന്നെ,’ പ്രിയങ്ക പറയുന്നു. ശ്രീദേവിയുടെ മരണവാര്‍ത്ത ആദ്യം കേട്ടപ്പോള്‍ ആകെ തകര്‍ന്നു പോയെന്നും പ്രിയങ്ക പറഞ്ഞു.

‘ശ്രീദേവിയുടെ മരണവാര്‍ത്ത ആദ്യം പുറത്തുവന്നപ്പോള്‍ ഒരു പ്രഹരമേറ്റപോലെ അനങ്ങാന്‍ പോലും പറ്റാതെയായിപ്പോയി. പിന്നീട് അവരുടെ പാട്ടുകള്‍ ആവര്‍ത്തിച്ചു കേട്ടു, സിനിമകളും അഭിമുഖങ്ങളും വീണ്ടും വീണ്ടും കണ്ടു. അവര്‍ അഭിനയിച്ച ഹിറ്റു സീനുകള്‍ വീണ്ടും കണ്ടു. എനിക്കറിയാം, ഞാന്‍ മാത്രമല്ല ഇതൊന്നും ചെയ്തത്. അവരുടെ വേര്‍പാട് സൃഷ്ടിച്ച ആഘാതത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇങ്ങനെ ചെയ്തിരിക്കാം. പ്രേക്ഷകരുമായുള്ള അവരുടെ ബന്ധം അത്ര ശക്തമായിരുന്നു. നമുക്കോരോരുത്തര്‍ക്കും അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും സ്‌പെഷ്യല്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കും’

‘എല്ലാവര്‍ക്കും അവരെ വേണമായിരുന്നു, അവരെപ്പോലെ ആകണമായിരുന്നു. അവര്‍ക്ക് കുട്ടികളെ പോലെ ആകാന്‍ സാധിക്കും, മുതിര്‍ന്നയാളാകാനും, തമാശക്കാരിയാകാനും, ഗൗരവക്കാരിയാകാനും, ആനന്ദിപ്പിക്കാനും, സെക്‌സിയാകാനും സാധിക്കും. അവര്‍ ഒരു പൂര്‍ണനടിയായിരുന്നു. നമ്മളെയൊക്കെ അതിജീവിക്കുന്ന ഒരു പാരമ്പര്യം ബാക്കിയാക്കിയാണ് ശ്രീദേവി കടന്നുപോയിരിക്കുന്നത്. കഴിവുകൊണ്ടും, അര്‍പ്പണബോധം കൊണ്ടും, കഠിനാദ്ധ്വാനം കൊണ്ടും കെട്ടിപ്പടുത്ത പാരമ്പര്യം. ഇതെല്ലാം ദൈവം അവര്‍ക്കു നല്‍കിയിട്ടുണ്ട്,’ പ്രിയങ്ക പറയുന്നു.

പ്രിയങ്കയുടെ മാത്രമല്ല, ഒരു തലമുറയുടെ മുഴുവന്‍ ആവേശമായിരുന്നു ശ്രീദേവി. ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍, സിനിമകളിലെ ഒഴിവാക്കാനാകത്ത സാന്നിദ്ധ്യം. ബോളിവുഡിലെ അവരുടെ തിരിച്ചുവരവ് സാക്ഷ്യം പറഞ്ഞത്, പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ശ്രീദേവിയുടെ കൈയ്യില്‍ ഇനിയും ഒരുപാടു ബാക്കിയുണ്ടെന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍, ആ യാത്ര പാതിവഴിയില്‍ അവസാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook