കഴിഞ്ഞ ദിവസം ആദ്യമായാണ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നടി പ്രിയങ്ക ചോപ്ര എത്തിയത്. രണ്ട് വസ്ത്രങ്ങളിലാണ് പ്രിയങ്ക കാനില്‍ തിളങ്ങിയത്. ആദ്യം ഒരു വെളള ഡ്രെസ്സും രണ്ടാമത്തേത് കറുപ്പ് ഗൗണുമായിരുന്നു 36കാരി പ്രിയങ്ക അണിഞ്ഞത്. തലമുടി അഴിച്ചിട്ട് വളരെ ലൈറ്റ് മേക്കപ്പിലാണ് താരം എത്തിയത്. പ്രിയങ്ക തന്നെ നിരവധി ചത്രങ്ങളും തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാനില്‍ തിളങ്ങിയതിന് ശേഷം പ്രിയങ്ക നേരെ പോയത് എത്യോപയിലേക്കാണ്.
എത്യോപയിലെ അഭയാര്‍ത്ഥികളായി കഴിയുന്ന കുട്ടികള്‍ക്കൊപ്പമാണ് യൂനിസെഫ് ഗുഡ് വിൽ അംബാസഡര്‍ കൂടിയായ പ്രിയങ്ക ചോപ്ര സമയം ചെലവഴിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ആഡിസ് അബാബയിലുളളത്. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ് സഹ്ലെ-വര്‍ക്ക് സ്വെദെയേയും പ്രിയങ്ക സന്ദര്‍ശിച്ചു.
കുട്ടികള്‍ക്കൊപ്പം പാട്ട് പാടുകയും സംസാരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ആണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. എത്യോപ്യയിലെ പട്ടിണി, ലൈംഗികാതിക്രമങ്ങള്‍, ബാലവിവാഹം എന്നീ പ്രശ്നങ്ങള്‍ പ്രിയങ്ക പോസ്റ്റുകളിലൂടെ വിവരിക്കുന്നുണ്ട്. 15കാരിയുടെ കഥ വിവരിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം പ്രിയങ്ക വിവരിക്കുന്നു.
‘ഇത് 15 വയസുളള ഹസീന. സ്കൂളില്‍ പോവാന്‍ ഇഷ്ടമുളള 7ാം ക്ലാസുകാരിയാണ് അവള്‍. സഹോദരിക്കും ഭര്‍ത്താവിനും ഒപ്പമായിരുന്നു അവള്‍ താമസിച്ചിരുന്നത്. അവളുടെ സമ്മതം ഇല്ലാതെ സഹോദരിയുടെ ഭര്‍ത്താവ് അവളുടെ വിവാഹം പദ്ധതിയിടുകയായിരുന്നു. അന്ന് അവള്‍ക്ക് 12 വയസ് മാത്രമായിരുന്നു പ്രായം,’ പ്രിയങ്ക കുറിക്കുന്നു.
‘ഒരു ദിവസം അയാള്‍ അവളെ തേടി വീട്ടിലെത്തിയപ്പോള്‍ ഹസീന ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിപ്പോയി. പിറ്റേന്ന് ബാലവിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരും സംഘടനയിലും എത്തിച്ചേര്‍ന്നു. വിവാഹം ചെയ്താല്‍ തനിക്ക് ഇനിയും സ്കൂളില്‍ പോവാന്‍ കഴിയുമോ എന്നായിരുന്നു ഹസീന സ്വയം ചോദിച്ചിരുന്നത്,’ പ്രിയങ്ക വ്യക്തമാക്കുന്നു.