പോപ് ഗായകൻ നിക് ജൊനാസുമായുള്ള വിവാഹശേഷം ഹോളിവുഡിൽ സജീവമായിരിക്കുകയാണ് പ്രിയങ്ക ചോപ്ര. മെട്രിക്‌സ് പരമ്പരയിലെ നാലാമത്തെ സിനിമയിൽ പ്രിയങ്ക അഭിനയിക്കുന്നുണ്ട്. മെട്രിക്‌സ് ദ റിസറക്ഷന്‍ എന്നാണ് നാലാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം. ഒരു ഓൺലൈൻ മാഗസിനിൽ വന്ന ലേഖനത്തിൽ ‘നിക്കിന്റെ ഭാര്യ’ എന്നു തന്നെ വിശേഷിപ്പിച്ചതിൽ അതൃപ്തി അറിയിച്ചിരിക്കുകയാണ് പ്രിയങ്ക.
ലേഖനത്തിന്റെ സ്ക്രീൻ ഷോട്ട് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചാണ് പ്രിയങ്ക അമർഷം പ്രകടിപ്പിച്ചത്. ”ഇത് രസകരമായിരിക്കുന്നു. എക്കാലത്തേയും ഐക്കോണിക് ആയ ഫ്രാഞ്ചൈസുകളിലൊന്നിന്റെ പ്രൊമോഷനിലാണ്. പക്ഷെ എന്നെ ഇപ്പോഴും വിളിക്കുന്നത് ഇന്നയാളുടെ ഭാര്യ എന്നാണ്. എന്തുകൊണ്ട് ഇപ്പോഴും സ്ത്രീകള്‍ക്ക് മാത്രം ഇതൊക്കെ സംഭവിക്കുന്നുവെന്ന് ദയവായി പറഞ്ഞ് തരൂ. എന്റെ ഐഎംഡിബി ലിങ്കും ഞാന്‍ എന്റെ ബയോയില്‍ ചേര്‍ക്കണമോ?” പ്രിയങ്ക ചോദിച്ചു. നിക്ക് ജൊനാസിനെ പ്രിയങ്ക ചോപ്ര ടാഗ് ചെയ്തിട്ടുമുണ്ട്.

നടി പ്രിയങ്ക ചോപ്രയും പോപ് ഗായകൻ നിക് ജൊനാസും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. ഭർത്താവിനൊപ്പം യുഎസിലാണ് പ്രിയങ്ക ചോപ്രയുടെ താമസം. അടുത്തിടെ ഇവർ വേർപിരിയുന്നതായുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും നിക്കിന്റെ കുടുംബപേരായ ജൊനസ് നീക്കിയതാണ് അഭ്യൂഹങ്ങൾക്ക് കാരണം. ഇതിനു ഭർത്താവിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പ്രിയങ്ക മറുപടി കൊടുത്തത്.
2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തന്നെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ പലരും പ്രിയങ്കയെ കളിയാക്കി. ഹോളിവുഡിലെ ചില മാധ്യമങ്ങൾ ഇരുവരും അധികം വൈകാതെ വേർപിരിയുമെന്നുവരെ എഴുതി. നിക്കുമായുളള വിവാഹം ജീവിതം വിജയിക്കാനുളള കാരണം താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു. ”രണ്ടു മൂന്നു ആഴ്ചകൾക്കപ്പുറം ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്തും. ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ മറ്റൊരാളെ ഉൾപ്പെടുത്താൻ ശ്രമിക്കണം. അത് വളരെ പ്രധാനമാണ്. ഞങ്ങൾ അത് ചെയ്യുന്നു” പ്രിയങ്ക പറഞ്ഞു.
Read More: വിവാഹ വാർഷികം ആഘോഷിച്ച് പ്രിയങ്കയും നിക്കും – ചിത്രങ്ങൾ