കരിയറിന്റെ തുടക്കത്തിൽ തന്നെ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് മനസ്സുതുറക്കുകയാണ് നടി പ്രിയങ്ക ചോപ്ര. മൂക്കിനു നടത്തിയ ശസ്ത്രക്രിയ പരാജയപ്പെടുകയും മുഖച്ഛായ തന്നെ മാറ്റുകയും ചെയ്തതോടെ തന്റെ കരിയർ ആരംഭിക്കുന്നതിനു മുൻപുതന്നെ അവസാനിച്ചുവെന്ന് താൻ കരുതിയിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. ഹോവാർഡ് സ്റ്റേൺ ഷോയിൽ സംസാരിക്കുമ്പോഴാണ് പ്രിയങ്ക ആ ഇരുണ്ടകാലം ഓർത്തെടുത്തത്.
2000ൽ മിസ്സ് വേൾഡ് കിരീടം നേടിയ ശേഷം, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ പ്രിയങ്ക ചികിത്സയ്ക്കായി ഒരു ഡോക്ടറെ സമീപിച്ചു. നീണ്ടുനിൽക്കുന്ന ജലദോഷം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോക്ടർ നിഗമനത്തിലെത്തി. തുടർ പരിശോധനയിൽ മൂക്കിനകത്ത് ഒരു ടിഷ്യു വളർച്ച കണ്ടെത്തുകയും ചെയ്തു. അത് നീക്കം ചെയ്യാനായി ഒരു ശസ്ത്രക്രിയയും നിർദ്ദേശിച്ചു.
എന്നാൽ ശസ്ത്രക്രിയയ്ക്കിടെ, ഡോക്ടർ തന്റെ മൂക്കിന്റെ പാലം അബദ്ധത്തിൽ ഷേവ് ചെയ്തതോടെ അത് തകരാറിലായെന്നും മുഖത്തിന് രൂപമാറ്റം സംഭവിച്ചെന്നുമാണ് പ്രിയങ്ക പറയുന്നത്. “അതൊരു ഇരുണ്ട ഘട്ടമായിരുന്നു. അതിന് ശേഷം മൂന്ന് സിനിമകളിൽ നിന്ന് എന്നെ പുറത്താക്കി. എന്റെ അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുൻപു തന്നെ അവസാനിച്ചുവെന്ന് ഞാൻ കരുതി. എന്റെ മുഖം തികച്ചും വ്യത്യസ്തമായ ഒന്നായിമാറി. ഞാൻ വിഷാദത്തിലേക്ക് വീണു,” പ്രിയങ്ക പറയുന്നു.
സാഹചര്യം വഷളായതിനാൽ വീടിന് പുറത്തിറങ്ങാൻ പോലും താൽപ്പര്യമില്ലാതായി. അപ്പോഴാണ് ഡോക്ടറായ അച്ഛൻ തിരുത്തൽ ശസ്ത്രക്രിയ നടത്താൻ പ്രോത്സാഹിപ്പിച്ചത്. “എനിക്കത് ചെയ്യാൻ ഭയമായിരുന്നു. വീണ്ടും പ്രശ്നം വഷളാവുമോ എന്ന ഭീതി. പക്ഷേ അദ്ദേഹം ധൈര്യം തന്നു. ‘ഞാൻ നിനക്കൊപ്പം ഓപ്പറേഷൻ തിയേറ്ററിലുണ്ടാവും’. അദ്ദേഹം കൂടെനിന്ന് ആത്മവിശ്വാസം വീണ്ടെടുക്കാൻ എന്നെ സഹായിച്ചു.”
തന്നിൽ വിശ്വാസം അർപ്പിച്ച് അവസരം തന്ന സിനിമാ നിർമ്മാതാവ് അനിൽ ശർമ്മയെ കുറിച്ചും പ്രിയങ്ക ഷോയിൽ സംസാരിച്ചു. ശർമ്മയുടെ ദി ഹീറോ: ലവ് സ്‌റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ അരങ്ങേറ്റം. സണ്ണി ഡിയോളും പ്രീതി സിന്റയും ആയിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. “ഞാൻ അതിൽ നായികാവേഷമായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ എന്നെ സഹനടിയാക്കി മാറ്റി. പക്ഷേ ആ സംവിധായകൻ വളരെ ദയയുള്ളവനായിരുന്നു. എല്ലാം എനിക്ക് എതിരായപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഇത് ചെറിയ ഭാഗമായിരിക്കും, പക്ഷേ ഇതു നിങ്ങൾക്കൊരു തുടക്കമാവും.”
ഗെയിം ഓഫ് ത്രോൺസ് താരം റിച്ചാർഡ് മാഡനൊപ്പം സിറ്റാഡൽ എന്ന സ്പൈ ത്രില്ലറിലാണ് പ്രിയങ്ക ഒടുവിൽ അഭിനയിച്ചത്. ആമസോൺ പ്രൈമിലാണ് സിറ്റാഡൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.