ബോളിവുഡിലും ഹോളിവുഡിലും മാത്രമല്ല അവാർഡ് നിശകളിലും പ്രിയങ്ക ചോപ്ര വിലയേറിയ താരമാണ്. ഹോളിവുഡ് സിനിമകളുടെ തിരക്ക് മാറ്റിവച്ച് പ്രിയങ്ക ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണ്. സീ സിനി അവാർഡ് ഷോയിൽ പങ്കെടുക്കാനാണ് പ്രിയങ്ക എത്തുന്നത്. ഷോയിൽ പ്രിയങ്കയുടെ പെർഫോമൻസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
വെറും 5 മിനിറ്റ് ദൈർഘ്യമുളള പ്രകടനമാണ് പ്രിയങ്ക ഷോയിൽ നടത്തുക. ഇതിനായി 5 കോടിയാണ് പ്രിയങ്ക ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5 മിനിറ്റ് ആണ് പ്രിയങ്ക സ്റ്റേജിൽ പെർഫോമൻസ് ചെയ്യുക. ഇതിനായി വൻ തുകയാണ് താരത്തിന്റെ ടീം ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മിനിറ്റിന് ഒരു കോടിയെന്നോളമാണ് ആവശ്യം. താരത്തിന്റെ ആവശ്യം സംഘാടകർ അംഗീകരിക്കാൻ തയാറായതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.
പ്രിയങ്കയുടെ സ്റ്റേജ് പെർഫോൻസ് ആണ് അവാർഡ് ഷോയുടെ ഹൈലൈറ്റായി സംഘാടകർ ഉയർത്തിക്കാട്ടാൻ ഉദ്ദേശിക്കുന്നത്. 2016 ൽ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡ് ഷോയിലാണ് പ്രിയങ്ക അവസാനമായി പ്രകടനം നടത്തിയത്. സീ സിനി അവാർഡ് ഷോയിൽ പ്രിയങ്ക തന്റെ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുമെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ജൂലൈയിൽ നടന്ന ഐഐഎഫ്എ അവാർഡ് ഷോയിലും പ്രിയങ്കയുടെ പെർഫോമൻസ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരം വൻ പ്രതിഫലം ആവശ്യപ്പെട്ടതുമൂലം സംഘാടകർ പ്രിയങ്കയെ ഒഴിവാക്കുകയായിരുന്നു.