എപ്പോഴും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിൽ അപ്പുറം ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയാണ്. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസിലെ സ്റ്റാപ്പിൾസ് സെന്ററിൽ നടന്ന ഗ്രാമി അവാർഡിൽ പ്രിയങ്ക ധരിച്ച വസ്ത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും സമൂഹമാധ്യമങ്ങളിൽ പ്രിയങ്കയുടെ വസ്ത്രധാരണരീതിയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു.
വസ്ത്രമൊന്ന് തെന്നിയാൽ വൾഗറായി മാറാവുന്ന തരത്തിലുള്ള റിസ്കി ഗൗണായിരുന്നു പ്രിയങ്ക ധരിച്ചത്. ആ റിസ്കി ഗൗണിനു പിന്നിലെ ട്രിക്കും അഴിയാതെയും ഉലയാതെയും മാനേജ് ചെയ്തതെങ്ങനെയെന്നും പ്രിയങ്ക പറയുന്നു. റാൽഫ്-റുസോ ഡിസൈനർമാർ ഒരുക്കിയ ഡ്രസ്സിന്റെ നെക്ക്‌ലൈനായിരുന്നു പ്രശ്നം. ഒറ്റക്കാഴ്ചയിൽ ആ ഡ്രസ്സിനകത്ത് പ്രിയങ്ക കംഫർട്ടബിൾ ആണോ എന്ന് കാണുന്നവർക്ക് ആശങ്ക തോന്നാം.
സ്കിൻ കളറിലുള്ള ഒരു ഫാബ്രിക്സ് (tulle) ആണ് ആ ഗൗണിനെ സ്ഥാനം തെറ്റാതെ മാനേജ് ചെയ്തതിനു പിന്നിലെ രഹസ്യമെന്ന് പ്രിയങ്ക പറയുന്നു. വാർഡ്രോബ് മാൽഫംഗ്ഷനിംഗ് ഒഴിവാക്കാൻ പ്രിയങ്കയുടെ തന്നെ സ്കിൻ ടോണിലുള്ള ലേസ് (tulle) ആണ് ഡിസൈനർമാർ ഗൗണിനകത്ത് നൽകിയത്. യു എസ് വീക്കിലിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്.
“ഒരുപാട് പേർ വിചാരിച്ചിരിക്കുന്നത് മാനേജ് ചെയ്യാൻ കഷ്ടപ്പാടുള്ള ഗൗണാണ് അതെന്നാണ്. എന്നാൽ ഡിസൈനർമാർ എന്റെ സ്കിൻ കളറിനോട് മാച്ച് ചെയ്യുന്ന അവിശ്വസനീയമായ ഒരു tulle തന്നെ ആ ഡ്രസ്സിൽ നൽകിയിരുന്നു. ഒരു നെറ്റ് പോലെ പ്രവർത്തിക്കുന്ന ആ Tulle ചിത്രങ്ങളിൽ പോലും മനസ്സിലാവാത്ത രീതിയിൽ തുന്നിചേർക്കപ്പെട്ടിരുന്നു.” പ്രിയങ്ക പറഞ്ഞു.
“റാൽഫും റുസ്സോയും എനിക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ എന്റെ ശരീരത്തിനു ഇണങ്ങുന്നതും വാർഡ്രോബ് മാൽഫംഗ്ഷനുകൾ വരാത്തതുമായ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.” തനിക്ക് കംഫർട്ടബിളായി തോന്നുന്ന വസ്ത്രങ്ങൾ മാത്രമേ താൻ അണിയാറുള്ളൂവെന്നും പ്രിയങ്ക പറഞ്ഞു.
Read more: ഗ്രാമിയുടെ റെഡ് കാർപ്പറ്റിനെ ത്രസിപ്പിച്ച് പ്രിയങ്കയും നിക്കും; ചിത്രങ്ങൾ
പ്രിയങ്കയുടെ ഈ ഗൗണിനെ പരിഹസിച്ച് പ്രശസ്ത ഡിസൈനർ വെൻഡൽ റോഡ്രിക്സ് രംഗത്തു വന്നിരുന്നു. ‘ലോസ് ഏഞ്ചൽസ് മുതൽ ക്യൂബ വരെ പോകുന്ന നെക്‌ലൈൻ’ എന്നായിരുന്നു റോഡ്രിക്സിന്റെ കമന്റ്. പിന്നീട് ഡ്രസ്സിനെയാണ് കുറ്റപ്പെടുത്തിയതെന്നും ബോഡി ഷേമിംഗ് അല്ല തന്റെ കമന്റെന്നും ന്യായീകരിച്ചുകൊണ്ട് റോഡ്രിക്സ് രംഗത്തെത്തിയിരുന്നു.