കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് മാത്രമല്ല, വംശീയാധിക്ഷേപത്തെക്കുറിച്ചും അടുത്തിടെ സിനിമാ മേഖല ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരമനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിരിക്കുന്നു. ഇന്‍സ്റ്റൈയിലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ തുറന്നു പറച്ചില്‍. തന്റെ തൊലിയുടെ നിറം തവിട്ടായതിനാല്‍ കഴിഞ്ഞ വര്‍ഷം ഹോളിവുഡ് സിനിമയില്‍ നിന്നുള്ള അവസരം നഷ്ടമായിട്ടുണ്ടെന്നാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍.

‘കഴിഞ്ഞ വര്‍ഷമാണ് അത് സംഭവിച്ചത്. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പോയതാണ് താന്‍. അപ്പോള്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്തുവന്ന ഒരാള്‍ എന്റെ ഏജന്റിനോട് എന്റെ ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു. ആദ്യം അയാള്‍ പറഞ്ഞത് എനിക്ക് വ്യക്തമായില്ല. അതുകൊണ്ട് ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചു. ഇനിയും മെലിയണമോ, ശരീരത്തിന്റെ ഷെയ്പ് മെച്ചപ്പെടുത്തണമോ, എന്നൊക്കെ. അപ്പോഴാണ് എന്റെ ശരീരത്തിന്റെ തവിട്ട് നിറമാണ് പ്രശ്നമെന്ന് ഏജന്റ് പറഞ്ഞത്. അതെന്നെ ശരിക്കും ബാധിച്ചു,’ പ്രിയങ്ക പറയുന്നു

സിനിമയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നല്‍കുന്ന വേതനത്തിലെ വേര്‍തിരിവിനെക്കുറിച്ചും പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞു. സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ കാണാന്‍ ആളുകള്‍ ഇപ്പോഴും തയ്യാറല്ല. സ്ത്രീകള്‍ക്ക് പ്രധാനികളാകാം എന്നു വിശ്വസിക്കാന്‍ കഴിയാത്തതിന്റെ പ്രശ്‌നമാണിതെന്നും പ്രിയങ്ക പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook