കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസ്സിനും ഒരു പെൺകുഞ്ഞ് ജനിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്കയും ജൊനാസ്സും മകളെ വരവേറ്റത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് ഈ താരദമ്പതികൾ മകള്‍ക്കു പേരു നൽകിയിരിക്കുന്നത്. മകൾ പിറന്ന വിശേഷവും മകളുടെ പേരുമൊക്കെ ആരാധകരുമായി പങ്കുവച്ചിരുന്നെങ്കിലും ഇതുവരെ മകളുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രങ്ങളൊന്നും തന്നെ പ്രിയങ്കയോ ജൊനാസ്സോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നില്ല. മകളുടെ ചിത്രം പകർത്തുന്നതിൽ നിന്നും പാപ്പരാസികളെയും കർശനമായി വിലക്കിയിരുന്നു.
ഇപ്പോഴിതാ, ആദ്യമായി മകൾ മാൾട്ടിയുടെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. നിക്ക് ജൊനാസിന്റേയും സഹോദരന്‍മാരുടേയും മ്യൂസിക് ബാന്‍ഡായ ജൊനാസ് ബ്രദേഴ്‌സിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കുടുംബസമേതം എത്തിയപ്പോഴാണ് പ്രിയങ്ക മകളുടെ മുഖം മറക്കാതെ ചിത്രങ്ങൾക്ക് പോസ് ചെയ്തത്. നിക്കിന്റെ സഹോദരങ്ങളായ കെവിന്റേയും ജോയുടേയും ഭാര്യമാരായ ഡാനിയേല ജൊനാസും സോഫി ടേണറും ഇവർക്കൊപ്പമുണ്ടായിരുന്നു.
യുഎസിലെ സാൻ ഡിയേഗോ ഹോസ്പിറ്റലിൽ ജനുവരി 15നാണ് മാൾട്ടി ജനിച്ചത്. മാൾട്ടി എന്ന പേര് സംസ്കൃതത്തിൽനിന്നാണ്, സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശമാണ് ഇത് അർത്ഥമാക്കുന്നത്. കടലിലെ നക്ഷത്രം എന്നർത്ഥം വരുന്ന ‘മാരിസ്’ എന്ന ലാറ്റിൻ പദത്തിൽ നിന്നുള്ളതാണ് മേരി. യേശുക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഫ്രഞ്ച് പതിപ്പ് കൂടിയാണ് മേരി എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പേരായ മധുമാൾട്ടിയുടെ ഭാഗമാണ് മാൾട്ടി.
2018 ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.