“അച്ഛന്‍…
ഏറ്റവും അടുത്ത സുഹൃത്തായിരുന്നു,
ആരാധനാമൂര്‍ത്തിയും സംരക്ഷകനുമായിരുന്നു,
എന്റെ ജീവിതത്തിലെ പുരുഷനായിരുന്നു.”
പ്രിയങ്കാ ചോപ്ര

അച്ഛന്‍ വിട്ടു പിരിഞ്ഞ് അഞ്ചു വര്‍ഷം തികയുന്ന ഇന്ന് ചലച്ചിത്ര താരം പ്രിയങ്കാ ചോപ്ര പങ്കു വച്ച ഒരു വീഡിയോയിലെ പ്രിയങ്ക തന്നെ കുറിച്ച 2008 മുതല്‍ കാന്‍സര്‍ ബാധിതനായിരുന്ന പ്രിയങ്കാ ചോപ്രയുടെ അച്ഛന്‍ ലെഫ്റ്റ്നന്റ് കേണല്‍ ഡോ. അശോക്‌ ചോപ്ര 2013 ജൂണ്‍ 10നാണ് അന്തരിച്ചത്‌. അച്ഛനുമായി ഏറെ അടുപ്പമുള്ള പ്രിയങ്ക വീഡിയോയില്‍ അച്ഛനെക്കുറിച്ച് പറയുന്നതിങ്ങനെ.

“അച്ഛനുമായി വളരെ അടുപ്പത്തിലായിരുന്നു ഞാന്‍. എന്റെ ആരാധനാമൂര്‍ത്തിയും സൂപ്പര്‍ ഹീറോയുമൊക്കെയായിരുന്നു അച്ഛന്‍. വളര്‍ന്നു വലുതായി അച്ഛനെപ്പോലെയാകാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. സ്റ്റേജിലൊക്കെ പാടിയിരുന്ന നല്ല ഗായകനായിരുന്നു അച്ഛന്‍. സര്‍ജന്‍ ആയിരുന്നു. കലാകാരനായിരുന്നു. ഒത്തുചേരലുകള്‍, പാര്‍ട്ടികള്‍ എന്നിവയെ തന്റെ സാന്നിധ്യം കൊണ്ട് ഇളക്കിമറിക്കുമായിരുന്നു. മനസ്സു തുറന്നു ചിരിക്കുമായിരുന്നു, തികഞ്ഞ ആത്മവിശ്വാസമുള്ള ആളായിരുന്നു.”, ‘ഡാഡീസ് ലിറ്റില്‍ ഗേള്‍’ എന്ന് കൈയ്യില്‍ പച്ച കുത്തിയിട്ടുള്ള മകള്‍ അച്ഛനെക്കുറിച്ച് വാചാലയായി.

പ്രിയങ്കാ ചോപ്ര അഭിനയിക്കുന്ന എബിസിയുടെ ക്രൈം ഡ്രാമയായ ‘ക്വാന്റിക്കോ’യിലെ ഒരു എപ്പിസോഡ്‌ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. അമേരിക്കയില്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനത്തില്‍ ഒരു ഇന്ത്യക്കാരന്‍ പങ്കെടുക്കുകയും ഇതിനെ പാക്കിസ്ഥാന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ‘ക്വാന്റിക്കോ’യില്‍ അവതരിപ്പിച്ചത്. വലിയ പ്രതിഷിധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അമേരിക്കന്‍ ടെലിവിഷന്‍ സ്റ്റുഡിയോ ആയ എബിസി മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു.

‘ഈ എപ്പിസോഡിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതില്‍ മിക്കതും പ്രിയങ്ക ചോപ്രയെ ലക്ഷ്യമിട്ടായിരുന്നു. പ്രിയങ്ക അവതരിപ്പിക്കുകയോ തയ്യാറാക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്ത പരിപാടിയല്ല ഇത്’, വാള്‍ഡ്ഡ് ഡിസ്നിയുടെ എബിസി വ്യക്തമാക്കി.

‘ക്വാന്റിക്കോ’യിലെ ഈ എപ്പിസോഡ് പുറത്തു വന്നതിന് പിന്നാലെ പ്രിയങ്കയെ സാംസങ് ഇലക്ട്രോണിക്സിന്റെ പരസ്യക്കരാറില്‍ നിന്ന് ഒഴിവാക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ ഇന്ത്യക്കാരന്‍ ഹിന്ദു മന്ത്രോച്ചാരണങ്ങള്‍ നടത്തി ന്യൂക്ലിയര്‍ ബോംബ് സ്ഥാപിക്കുന്ന രംഗം ഇന്ത്യയില്‍ നിരോധിക്കണമെന്നു ചിലര്‍ ആവശ്യപ്പെട്ടു.

‘ഹിന്ദു ഭീകരത എന്ന കാല്‍പ്പനികതയെ ഒരു കെട്ടുകഥയോടെ അമേരിക്കയിലെ ടെലിവിഷനില്‍ പ്രിയങ്കയുടെ സഹായത്തോടെ അവതരിപ്പിക്കുകയാണ്. ഇന്ത്യയെ പ്രിയങ്ക വഞ്ചിക്കുന്നത് പോലെ പാക്കിസ്ഥാനെ വഞ്ചിക്കാന്‍ ഒരു പാക് നടി തയ്യാറാകുമോ?’ അമേരിക്ക അടിസ്ഥാനമാക്കിയുളള ഹിന്ദു പണ്ഡിതന്‍ ഡേവിഡ് ഫ്രോലി പറഞ്ഞു.

എപ്പിസോഡില്‍ പ്രിയങ്കയ്ക്ക് പങ്കില്ലെന്ന് എബിസി വ്യക്തമാക്കി. ‘പല വംശത്തിലുളളവരെ പരിപാടിയില്‍ വില്ലന്മാരായി മുമ്പും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കരുതിക്കൂട്ടിയല്ലാതെയാണ് ഇത്തരമൊരു രാഷ്ട്രീയ പ്രവേശനം ഞങ്ങള്‍ കൈകാര്യം ചെയ്തത്. ആരേയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല’, എബിസി വ്യക്തമാക്കി.

ഈ വിഷയത്തില്‍ ഇന്നലെ പ്രിയങ്കാ ചോപ്രയും മാപ്പ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ