ഒരു വിധത്തിലുള്ള പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. കരിയറിന്റെ തുടക്കകാലത്ത് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പ്രിയങ്ക വിജയങ്ങൾ നേടിയെടുത്തു നിൽക്കുന്ന നിമിഷങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു സംവിധായകൻ തന്നെക്കുറിച്ച് നടത്തിയ മോശം പരാമർശത്തിനെ പറ്റി പറയുകയാണ് പ്രിയങ്ക. ഒരു അണ്ടർകവർ ഏജന്റായാണ് ആ ചിത്രത്തിൽ താരം വേഷമിട്ടത്.
ദി സോയ് റിപ്പോർട്ടിനോട് സംസാരിക്കുന്നതിനിടയിലാണ് 2002-2003 കാലഘട്ടത്തിൽ തനിക്ക് സംഭവിച്ച ഒരു ദുരനുഭവത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്. പുരുഷ കഥാപാത്രത്തെ വശീകരിക്കുക എന്നതാണ് താരത്തിനോട് ചെയ്യാൻ ആവശ്യപ്പെട്ടത്. “ഞാൻ ആ വ്യക്തിയെ വശീകരിക്കണം, ഇതിനിടയിൽ എന്റെ വസ്ത്രവും അഴിക്കണം. അതുകൊണ്ട് എനിക്ക് നല്ല രീതിൽ അകത്ത് വസ്ത്രം ധരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. പക്ഷെ അതു പറ്റില്ലെന്ന സമീപനമാണ് സംവിധായകൻ സ്വീകരിച്ചത്.’ഇല്ല, എനിക്ക് അവരുടെ അടിവസ്ത്രം കാണണം. അതല്ലാതെ മറ്റെന്തു കാണാനാണ് പ്രേക്ഷകർ വരുന്നത്,’ ” ഇത്തരത്തിലായിരുന്നു ആ സംവിധായകന്റെ സംഭാഷണമെന്ന് പ്രിയങ്ക പറഞ്ഞു.
തന്നോടല്ല മറിച്ച് സ്റ്റൈലിസ്റ്റിനോട് പറഞ്ഞ കാര്യം താരത്തിന്റെ ശ്രദ്ധയിൽപ്പെട്ടതാണെന്നും പ്രിയങ്ക പറയുന്നു. താൻ ചെയ്യുന്ന കലയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്നാണ് സംവിധായകന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കിയതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. “മനുഷ്യത്വരഹിതമായ നിമിഷമായിരുന്നത്. എന്നെ എങ്ങനെ ഉപയോഗിക്കാം എന്നല്ലാതെ എന്റെ കലയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്നാണ് അപ്പോൾ തോന്നിയത്. ഞാൻ എന്താണ് ആ സിനിമയ്ക്കായി നൽകുന്നത് എന്നതിനു ഒരു മൂല്യവുമില്ലായിരുന്നു” പ്രിയങ്ക പറഞ്ഞു.
സംവിധായകന്റെ മുഖം കാണാൻ താത്പര്യമില്ലാത്തതു കൊണ്ട് പ്രിയങ്ക പിന്നീട് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അച്ഛന്റെ സഹായത്തോടെ ആ ചിത്രത്തിനായി ചെലവിട്ട പ്രൊഡക്ഷൻ പണവും പ്രിയങ്ക തിരികെ നൽകി.
സംവിധായകന്റെ പേര് എന്തുകൊണ്ടാണ് പുറത്തു പറയാത്തതെന്ന് ഓപ്ര വിൻഫറിയുമായുള്ള ഒരു അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. “എനിക്ക് പേടിയായിരുന്നു. ആദ്യമായാണ് സിനിമയിൽ പ്രവർത്തിക്കുന്നത്, സിസ്റ്റത്തിനനുസരിച്ച് വർക്ക് ചെയ്യുക എന്നതാണല്ലോ എപ്പോഴും പെൺകുട്ടികളോട് പറയാറുള്ളത്.”
ബോളിവുഡിൽ താൻ ചൂഷണം ചെയ്യപ്പെടുന്നു എന്ന് മനസ്സിലാക്കിയ പ്രിയങ്ക പിന്നീട് ഹോളിവുഡിലേക്ക് നീങ്ങുകയായിരുന്നു. സിറ്റാഡെൽ, ലവ് എഗെയ്ൻ എന്നിവയാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്.