വിരാട് കോഹ്‌ലി-അനുഷ്ക ശർമ വിവാഹമാണ് വാർത്തകളിൽ നിറയുന്നത്. വിരുഷ്ക വിവാഹത്തിനുശേഷം അടുത്ത ബോളിവുഡ് വിവാഹത്തെക്കുറിച്ചാണ് പുതിയ സംസാരം. അനുഷ്കയുടെ വിവാഹം കഴിഞ്ഞതോടെ ഇനി എല്ലാവർക്കും അറിയേണ്ടത് പ്രിയങ്ക ചോപ്ര എന്നു വിവാഹം കഴിക്കുമെന്നാണ്. അനുഷ്കയുമായി അടുത്ത സുഹൃദ് ബന്ധം പ്രിയങ്കയ്ക്കുണ്ട്. സീ സിനി അവാർഡ് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ പ്രിയങ്കയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്.

അനുഷ്കയുടെ വിവാഹം കഴിഞ്ഞു, ഹോളിവുഡ് സിനിമയിലൂടെ പ്രിയങ്കയുടെ പേര് രാജ്യാന്തര തലത്തിലും പ്രശസ്തമായി, ഇനി പ്രിയങ്കയുടെ വിവാഹമെന്നായിരുന്നു മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇതിനു നല്ല കലക്കൻ മറുപടിയാണ് പ്രിയങ്ക നൽകിയത്. അനുഷ്കയുടെ വിവാഹവും ഇന്റർനാഷണൽ ലെവലിലെ എന്റെ പ്രശസ്തിയും തമ്മിൽ എന്തു ബന്ധമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ”മുൻകൂട്ടി പ്ലാൻ ചെയ്ത് നടക്കുന്ന ഒന്നല്ല വിവാഹം. എനിക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തിയാൽ വിവാഹം കഴിക്കും. പക്ഷേ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല”- പ്രിയങ്ക പറഞ്ഞു.

വിവാഹം കഴിക്കുമെന്നും ശരിയായ സമയത്ത് അത് നടക്കുമെന്നും നേരത്തെ പ്രിയങ്ക പറഞ്ഞിരുന്നു. വിവാഹം കഴിക്കാൻ ഞാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുണയ്ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളെയായിരിക്കും. പരസ്പരം മനസ്സിലാക്കുന്ന രണ്ടുപേർ തമ്മിൽ വിവാഹം നടന്നില്ലെങ്കിൽ ആ ബന്ധം ശരിയായി പോകില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

സീ സിനി അവാർഡ്ഷോയിൽ പങ്കെടുക്കുന്നതിനാണ് പ്രിയങ്ക ഇന്ത്യയിലെത്തിയത്. രണ്ടാഴ്ചയോളം താരം ഇന്ത്യയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. ഡിസംബർ 26 ന് മുംബൈയിൽ നടക്കുന്ന കോഹ്‌ലി-അനുഷ്ക വിവാഹ പാർട്ടിയിലും പ്രിയങ്ക പങ്കെടുത്തേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ