സിനിമാ താരങ്ങള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അഭിനയിക്കുന്നതിനെതിരെ കുറേ കാലമായി നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യം രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അഭയ് ഡിയോളും പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജോണ്‍ എബ്രഹാം, സോനം കപൂര്‍, വിദ്യ ബാലന്‍, ദീപിക പദുകോണ്‍ തുടങ്ങി പല താരങ്ങള്‍ക്കുമെതിരെ രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ വിട്ടു പോയ ഒരു പേരുണ്ട്. പ്രിയങ്ക ചോപ്ര! എന്നാല്‍ തന്റെ പ്രവര്‍ത്തിയില്‍ ഇപ്പോള്‍ താരം സ്വയം വിമര്‍ശനത്തിനു തയ്യാറാകുകയാണ്.

ഫാഷന്‍ മാഗസിനായ വോഗിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. തൊലി വെളുപ്പിക്കുന്ന ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചതില്‍ താന്‍ വളരെ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. കറുത്ത നിറമുള്ള പെണ്‍കുട്ടികള്‍ ഇന്ത്യയില്‍ സ്ഥിരമായി കേള്‍ക്കുന്ന കാര്യങ്ങളാണ് ‘അയ്യോ കഷ്ടം, ആ പെണ്‍കുട്ടി കറുത്തിരിക്കുന്നു’ എന്ന്. ഇത്തരം പരസ്യങ്ങൡ പറയും ‘ഈ ക്രീം ഉപയോഗിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ വെളുക്കും’ എന്ന്. ഞാന്‍ വളരെ ചെറുപ്പത്തിലാണ് അതുപയോഗിച്ചിരുന്നത്. പ്രിയങ്ക പറഞ്ഞു.

തന്റെ ഇരുപതുകളിലാണ് അഭിനേത്രി ആയതെന്നും ആ സമയത്താണ് സൗന്ദര്യ വര്‍ദ്ധക ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചതെന്നും പ്രിയങ്ക പറയുന്നു. വളരെ അരക്ഷിതയായ ഒരു പെണ്‍കുട്ടിയായാണ് പരസ്യത്തില്‍ താന്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പിന്നീടതു കണ്ടപ്പോള്‍ ‘ഛെ! ഞാനെന്താണ് ചെയ്തത്’ എന്ന് തോന്നിയിട്ടുണ്ടെന്നും പ്രിയങ്ക വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ