ദീപിക പദുകോൺ- രൺവീർ സിങ്ങ് വിവാഹാഘോഷങ്ങളുടെ അലയൊലികൾ അടങ്ങും മുൻപെ അടുത്ത താരവിവാഹത്തിനൊരുങ്ങുകയാണ് ബോളിവുഡ്. ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോൺസും തമ്മിലുള്ള വിവാഹ ആഘോഷങ്ങൾ നവംബർ 29 ന് ആരംഭിക്കും.
ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹാഘോഷങ്ങൾ നടക്കുക. മുൻപ് മെഹ്റാഘട്ട് ഫോർട്ടിലായിരുന്നു വിവാഹ ഒരുക്കങ്ങൾ പ്ലാൻ ചെയ്തിരുന്നെങ്കിലും സുരക്ഷാകാരണങ്ങളാൽ വിവാഹവേദി മാറ്റുകയായിരുന്നു. രാജസ്ഥാനിൽ അസംബ്ലി ഇലക്ഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ വേണ്ടത്ര പോലീസ് സുരക്ഷ ഏർപ്പെടുത്താൻ ലോക്കൽ പൊലീസ് തയ്യാറാവാത്തതിനെ തുടർന്നാണ് വിവാഹാഘോഷങ്ങൾ ഉമൈദ് ഭവൻ പാലസിലേക്ക് മാറ്റിയത്.
ഉമൈദ് ഭവൻ പാലസിൽ നവംബർ 29 നാണ് മെഹന്തി, സംഗീത് ചടങ്ങുകൾ നടക്കുക. താരവിവാഹത്തിനായി പാലസ് ഒരുങ്ങികൊണ്ടിരിക്കുകയാണ്. മെഹന്തി- സംഗീത് ചടങ്ങുകൾക്കു ശേഷം അതിഥികൾക്കായി പ്രിയങ്കയും നിക്കും പെർഫോം ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രിയങ്ക തന്റെ ഹിറ്റ് ഡാൻസ് നമ്പറുകൾ അതിഥികൾക്കായി പെർഫോം ചെയ്യുമ്പോൾ നിക്ക് തന്റെ ഹിറ്റ് ഗാനങ്ങൾ മെഡ്‌ലിയായി അവതരിപ്പിക്കുമെന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മെഹന്തി- സംഗീത് ചടങ്ങുകൾക്കു ശേഷം നവംബർ 30 ന് ഹാൽദി ചടങ്ങും നടക്കും. ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി കോക്ക് ടെയിൽ പാർട്ടിയും പ്രിയങ്കയും നിക്കും ചേർന്ന് സംഘടിപ്പിക്കുന്നുണ്ട്.
ഡിസംബർ 2 ന് ഉമൈദ് പാലസിൽ വെച്ചു തന്നെയാണ് വിവാഹവും. ദീപിക- രൺവീർ വിവാഹം പോലെ തന്നെ വധൂവരന്മാരുടെ പരമ്പരാഗതമായ ആചാരങ്ങൾക്ക് അനുസരിച്ച് രണ്ടു രീതിയിലുള്ള വിവാഹചടങ്ങുകൾ ഉണ്ടാകും. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമുള്ള ചടങ്ങുകൾക്ക് ഉമൈദ് പാലസ് സാക്ഷിയാവും.
വിവാഹാഘോഷങ്ങൾക്കായി മുംബൈയിൽ നിന്നും പ്രത്യേക ചാർട്ടേർഡ് ഫ്ളൈറ്റിലാവും താരവും കുടുംബാംഗങ്ങളും ജോധ്പൂരിലെത്തുകയെന്നും അവിടെ നിന്ന് ചോപ്പറിൽ ആവും ഉമൈദ് ഭവൻ പാലസിലേക്ക് പോവുക എന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ വിവാഹത്തിനു സാക്ഷിയാവാൻ നിക്കിന്റെ സഹോദരൻ ജോ ജോൺസും പ്രതിശ്രുതവധുവും ‘ഗെയിം ഓഫ് ത്രോൺസ്’ നായിക സോഫി ടർണറും തിങ്കളാഴ്ച തന്നെ മുംബൈയിലെത്തിയിട്ടുണ്ട്.
ഡിസംബർ 3-ാം തിയ്യതി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഡൽഹിയിൽ പ്രത്യേക വിവാഹവിരുന്നും താരങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡൽഹി താജ് പാലസ് ഹോട്ടലിലായിരിക്കും വിവാഹവിരുന്ന്. കൂടാതെ, ഡിസംബറിലെ രണ്ടാമത്തെ ആഴ്ചയോടെ സിനിമാരംഗത്തെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി മറ്റൊരു വിരുന്നും ഇരുവരും ചേർന്ന് ഒരുക്കുന്നുണ്ട്.
ഏതാണ്ട് നാലു കോടി രൂപയോളമാണ് ജോധ്പൂരിലെ വിവാഹമാമാങ്കങ്ങൾക്കായി പ്രിയങ്കയും നിക്കും ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.