2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസ്സിനും ഒരു പെൺകുഞ്ഞ് ജനിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച മകൾക്ക് മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് താരദമ്പതികൾ പേരു നൽകിയിരിക്കുന്നത്. അടുത്തിടെയാണ് മകളുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രിയങ്ക ഷെയർ ചെയ്യാൻ തുടങ്ങിയത്. അതുവരെ മകളുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രങ്ങളൊന്നും തന്നെ പ്രിയങ്കയോ ജൊനാസ്സോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നില്ല. മകളുടെ ചിത്രം പകർത്തുന്നതിൽ നിന്നും പാപ്പരാസികളെയും താരദമ്പതികൾ കർശനമായി വിലക്കിയിരുന്നു.
കുറച്ചുദിവസങ്ങളായി സിറ്റാഡൽ സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു പ്രിയങ്ക. ഷൂട്ടിംഗും പ്രമോഷൻ ജോലികളുമെല്ലാം പൂർത്തിയാക്കി മകൾ മാൾട്ടിയ്ക്ക് അരികിലേക്ക് തിരികെയെത്തിയിരിക്കുകയാണ് താരമിപ്പോൾ. മാൾട്ടിയ്ക്ക് ഒപ്പം സമയം ചെലവഴിക്കുന്ന പ്രിയങ്ക ഏതാനും ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.
മാൾട്ടിയുടെ വരവിനു ശേഷം മുൻഗണനകൾ മാറിയെന്ന് ട്രിബ്യൂണിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. “എന്റെ മണിക്കൂറുകൾ മാറി, ഇപ്പോൾ സമയം തികയുന്നില്ല. ഇടവേള കിട്ടുമ്പോഴൊക്കെ ഞാൻ വീട്ടിൽ പോകുന്നു. വാരാന്ത്യങ്ങളിൽ ഞാൻ ജോലി ചെയ്യാറില്ല. ഒരു തരത്തിൽ, എന്റെ മുൻഗണനകൾ മാറി. ഇപ്പോൾ അവൾ ഒരു നിശ്ചിത പ്രായത്തിൽ എത്തി, ആരോഗ്യവതിയാണ്, അവളോടൊപ്പം യാത്ര ചെയ്യാൻ സാധിക്കും. ഞങ്ങൾ അവളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു, ഇപ്പോൾ അവൾ എന്റെ അമ്മയുടെ വീട്ടിൽ ഇരുന്ന് രണ്ട് കൈകളും കൊണ്ട് പനീർ കഴിക്കുകയാണ്.” എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.
പ്രിയങ്കയും റിച്ചാർഡ് മാഡനും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിറ്റാഡൽ ഏപ്രിൽ 28 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.