ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജൊനാസും ഗാല റെഡ് കാർപെറ്റിൽ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. ഇരുവരുടെയും പ്രണയത്തിനു പിന്നാലെ പാപ്പരാസികൾ ഏറെ അലഞ്ഞെങ്കിലും പ്രണയത്തെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുപറയാതെ സ്വകാര്യമായി കൊണ്ടുനടക്കുകയായിരുന്നു ഈ പ്രണയജോഡികൾ. ഇപ്പോഴിതാ, ഇരുവരും ചേർന്ന് തങ്ങളുടെ പ്രണയവഴികളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ്. പ്രണയം എപ്പോൾ തുടങ്ങി, ആരാണ് ആദ്യം മനസ്സു തുറന്നത്, ആദ്യം വിവാഹാഭ്യാർത്ഥന നടത്തിയത് ആര് തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് നിക്കും പ്രിയങ്കയും.

ലോകം പ്രിയങ്ക- നിക് പ്രണയത്തെ കുറിച്ച് അറിഞ്ഞു തുടങ്ങുന്നതിന് ഏതാണ്ട് ഒരു വർഷം മുൻപു തന്നെ ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ചിരുന്നു എന്നാണ് ആരാധകർ സ്നേഹപൂർവ്വം ‘നിക്കിയങ്ക’ എന്നു വിളിക്കുന്ന ഈ പ്രണയജോഡികൾ വെളിപ്പെടുത്തുന്നത്.

2016 സെപ്റ്റംബറിലാണ് ‘ക്വാന്‍റിക്കോ’ എന്ന ചിത്രത്തിൽ പ്രിയങ്കയുടെ കോ സ്റ്റാറായിരുന്ന ഗ്രഹാം റോഗേഴ്സിന് നിക് സന്ദേശം അയയ്ക്കുന്നത്: ‘പ്രിയങ്ക ഈസ് വൗ’ എന്നായിരുന്നു ആ സന്ദേശമെന്ന് നിക് പറയുന്നു. നിക് പിന്നീട് പ്രിയങ്കയ്ക്കും ട്വിറ്ററിൽ സന്ദേശമയച്ചു. ചില പൊതുസുഹൃത്തുക്കൾ നിങ്ങളെ കുറിച്ചു പറഞ്ഞു കേട്ടു എന്ന നിക്കിന്റെ മെസേജിന് എന്റെ ടീമിന് ഇതു വായിക്കാൻ സാധിക്കും, എന്തുകൊണ്ട് നിങ്ങൾക്ക് എനിക്ക് നേരിട്ട് ടെക്സ്റ്റ് ചെയ്തുകൂടാ? എന്നാണ് പ്രിയങ്ക മറുപടി നൽകിയത്. തുടർന്ന് പ്രിയങ്ക നമ്പർ നൽകിയതിനെ തുടർന്ന് ചാറ്റിലൂടെയും മെസേജുകളിലൂടെയും തങ്ങളുടെ സൗഹൃദം വളരുകയായിരുന്നെന്ന് പ്രിയങ്കയും നിക്കും പറയുന്നു. അതിനിടെയാണ് ഇരുവരും ആ വർഷത്തെ ഓസ്കർ പാർട്ടിയ്ക്കിടെ കണ്ടുമുട്ടുന്നത്.

പാർട്ടിയിൽ പ്രിയങ്കയെ കണ്ട താൻ മുട്ടിലിരുന്ന് താരത്തെ പ്രശംസിച്ചുവെന്നും നിക് പറയുന്നു. “ഞാനൊരു വെൽവെറ്റ് സ്യൂട്ടായിരുന്നു ധരിച്ചിരുന്നത്. കൈയ്യിൽ ഒരു വെള്ള റോസാപ്പൂവും കരുതിയിരുന്നു. പ്രിയങ്കയെ കണ്ടപ്പോൾ കൈയ്യിലിരുന്ന ഡ്രിങ്ക്സ് താഴെ വച്ച് താൻ മുട്ടിലിരുന്നു. അവിടെ കൂടിയവരെല്ലാം ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു, യു ആർ റിയൽ! ഇത്രയും കാലം എവിടെയായിരുന്നു, എന്നു ഞാൻ പ്രിയങ്കയോട് ചോദിച്ചു,” വോഗിനു നൽകിയ അഭിമുഖത്തിൽ നിക് ജൊനാസ് പറയുന്നു.

അന്നുതന്നെ, തിരിച്ചുള്ള ഫ്ളൈറ്റിൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടതുണ്ടായിട്ടും തന്റെ മാനേജർ അഞ്ജുള ആചാര്യയോട് അഞ്ചു മിനിറ്റ് കൂടെ അഭ്യർത്ഥിച്ച് താൻ നിക്കിനൊപ്പം ഒരു ഡ്രിങ്ക് കഴിച്ചെന്ന് പ്രിയങ്കയും ഓർത്തെടുക്കുന്നു. മീറ്റ് ഗാല റെഡ് കാർപെറ്റിൽ കണ്ടുമുട്ടുന്നതിന് മുൻപ്, ഒരിക്കൽ താൻ നിക്കിനെ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന തന്റെ അപ്പാർട്ട്മെന്റിലേക്ക് ഡ്രിങ്ക്സിനു ക്ഷണിച്ചിരുന്നെന്നും പ്രിയങ്ക പറയുന്നു.

പിന്നീട് 2017 മീറ്റ് ഗാല റെഡ് കാർപെറ്റിൽ ഇരുവരും കണ്ടുമുട്ടുകയും തുടർന്ന് നിക് പ്രിയങ്കയെ തന്റെ സംഗീതനിശയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അതിനു ശേഷമാണ് ബോളിവുഡിൽ നിന്നുള്ള ഒരു ദേശീയ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്ന കാര്യം അമ്മയോട് സംസാരിച്ചതെന്നും നിക് അഭിമുഖത്തിൽ പറയുന്നു. ഞങ്ങളുടെ മൂന്നാമത്തെ ഡേറ്റിനു ശേഷമായിരുന്നു അതെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു.

Read more: നിക്കിന്റെ പിറന്നാള്‍ ആഘോഷമാക്കി പ്രിയങ്ക

പിന്നീട് നിരവധി തവണ ഇരുവരും ലൊസാഞ്ചൽസിൽ വച്ച് കണ്ടുമുട്ടി. “ഒരിക്കൽ ഡേറ്റിങ്ങിനിടെ നിക് പറഞ്ഞു, നീ ലോകത്തെ നോക്കി കാണുന്ന രീതിയോട് എനിക്ക് പ്രണയമാണ്. നിന്നിലെ ഉണർവിനെ ഞാൻ പ്രണയിക്കുന്നു. നിന്റെ ആഗ്രഹങ്ങളെ ഞാൻ പ്രണയിക്കുന്നു. ഒരു പുരുഷൻ ഈ രീതിയിൽ സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയായിരുന്നു, എല്ലായ്‌പ്പോഴും അതിന് നേരെതിരായ കാര്യങ്ങളാണല്ലോ കേൾക്കാറുള്ളത്,” പ്രിയങ്ക പറയുന്നു.

“എന്താണ് എനിക്ക് സംഭവിച്ചതെന്നറിയില്ല. ഇങ്ങനെയൊരു പ്രിയങ്കയെ മുൻപ് എനിക്കറിയില്ലായിരുന്നു. ഈ ചെറുപ്പക്കാരനാണ് എന്നെ ഇങ്ങനെയാക്കി മാറ്റിയത്. എനിക്കിപ്പോൾ ബ്ലഷ് ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ, ഞാനിപ്പോഴൊരു ചുവന്നു തുടുത്ത തക്കാളിയെ പോലെ ആയിരുന്നേനെ,” നിക് തന്നിൽ ചെലുത്തിയ പ്രണയത്തിന്റെ മാന്ത്രികതയെ കുറിച്ച് വാചാലയായ പ്രിയങ്ക കൂട്ടിച്ചേർത്തു.

പ്രിയങ്കയുടെ പിറന്നാളാഘോഷങ്ങൾ നടന്ന ഒരു അർദ്ധരാത്രിയിലാണ് ന്യൂയോര്‍ക്കിലെ ടിഫാനി കമ്പനിയുടെ മോതിരം പ്രിയങ്കയ്ക്ക് നേരെ നീട്ടി നിക് താരത്തെ പ്രപ്പോസ് ചെയ്യുന്നത്. അതിനെ കുറിച്ച് നിക് പറയുന്നതിങ്ങനെ: “ഞാൻ വീണ്ടും മുട്ടിലിരുന്നു. നിനക്കെന്നെ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാക്കാമോ? എന്നെ വിവാഹം കഴിക്കാമോ? എന്നു ചോദിച്ചു. തമാശയല്ല, പ്രിയങ്ക ഏതാണ്ട് 45 സെക്കന്റ് എടുത്തു മറുപടി തരാൻ. 45 സെക്കന്റിന്റെ നിശബ്ദത!” ആ നിമിഷങ്ങളിൽ തനിക്ക് വാക്കുകൾ കിട്ടാതെ പോയെന്നാണ് പ്രിയങ്കയുടെ പ്രതികരണം. വീണ്ടും ചോദ്യം ആവർത്തിച്ച നിക്, നിനക്ക് എതിർപ്പില്ലെങ്കിൽ ഞാനീ മോതിരം ഇപ്പോൾ നിന്റെ വിരലുകളിൽ അണിയാൻ പോകുകയാണെന്ന് പറഞ്ഞെന്നും പ്രിയങ്ക കൂട്ടിച്ചേർക്കുന്നു.

ഡിസംബർ രണ്ടിന് ജോധ്പൂരിലെ ഉമൈദ് ഭവനിൽ വച്ച് ഇരുവരും വിവാഹിതരാവാൻ ഒരുങ്ങുകയാണ്. വിവാഹത്തിനു മുന്നോടിയായി വോഗ് മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് തങ്ങളുടെ പ്രണയദിനങ്ങൾ ഇരുവരും ചേർന്ന് ഓർത്തെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook