ലൊസാഞ്ചൽസിൽ ആഗ്രഹിച്ചതുപോലെ തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ഏറെ നാളായി പുതിയ വീടിനായുളള തിരച്ചിലിലായിരുന്നു ഇരുവരും. ഒടുവിൽ ലൊസാഞ്ചൽസിലെ സാൻ ഫെർണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെൻസിനോയിൽ 20,000 സ്ക്വയർ ഫീറ്റുളള വീട് 20 മില്യൻ ഡോളർ (144 കോടി) നൽകി ഇരുവരും വാങ്ങിയതായി ദി വാൾ സ്ട്രീറ്റ് റിപ്പോർട്ട് ചെയ്യുന്നു.
Read Also: വിവാഹ ജീവിതം വിജയിക്കാനുളള കാരണം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര
പ്രിയങ്കയുടെ വീട്ടിൽനിന്നും മൂന്നു മൈകലുകൾക്ക് അകലെയാണ് നിക്കിന്റെ സഹോദരനായ ജോ ജൊനാസ് വാങ്ങിയ വീട്. 15,000 സ്ക്വയർ ഫീറ്റുളള വീടിന് 14.1 മില്യൻ ഡോളറാണ് ജോ ജൊനാസ് നൽകിയത്. ടെൻസിനോയിൽ ഇതുവരെയുളള റിയൽ എസ്റ്റേറ്റ് കണക്കുകളെ തകർത്തിരിക്കുകയാണ് ജൊനാസ് സഹോദരന്മാരെന്നാണ് റിപ്പോർട്ടിലുളളത്.
പ്രിയങ്ക-നിക് ദമ്പതികളുടെ വീട്ടിൽ 7 ബെഡ്റൂമുകളും 11 ബാത്റൂമുകളും ഉളളതായി റിപ്പോർട്ടിൽ പറയുന്നു. തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസിൽ തീർത്ത സ്റ്റെയർകേസും, വലിയ ഡൈനിങ് റൂമും, പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്‌ഡോർ പൂളിൽ നിന്ന് പർവതങ്ങളുടെ കാഴ്ചയുള്ള ഡൈനിങ് ഏരിയകളും പ്രിയങ്കയുടെ പുതിയ വീട്ടിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജോ-സോഫിയ ദമ്പതികളുടെ വീട്ടിൽ 10 ബെഡ്റൂമുകളും 14 ബാത്റൂമുകളുമുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ നിക് തന്റെ വീട് 6.9 മില്യൻ ഡോളറിന് വിറ്റതായി വാർത്തകൾ പുറത്തുവന്നിരുന്നു. പ്രിയങ്കയ്ക്കൊപ്പം വലിയൊരു വീട്ടിൽ മാറി താമസിക്കുന്നതിനുവേണ്ടിയാണ് നിക് വീട് വിറ്റതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ സെപ്റ്റംബറിൽ വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ സ്വന്തമായൊരു വീടെന്ന സ്വപ്നം പ്രിയങ്ക പങ്കുവച്ചിരുന്നു. ”സ്വന്തമായൊരു വീടും ഒരു കുഞ്ഞും എന്റെ ലിസ്റ്റിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇഷ്ടമുള്ള ആളുകളുള്ളിടത്തോളം കാലം ഞാൻ സന്തോഷവതിയായിരിക്കുന്നിടത്താണ് വീട്.”
2018 ഡിസംബറിലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ്.