അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായുള്ള പ്രണയവാര്‍ത്തകളും വിവാഹ വാര്‍ത്തകളും മാധ്യമങ്ങളില്‍ ദിനംപ്രതി തലക്കെട്ടാകുമ്പോഴും ഈ വിഷയങ്ങളിലെല്ലാം മൗനം പാലിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഒടുവില്‍ ആദ്യമായി പ്രിയങ്ക മൗനം വെടിയുന്നു. തന്റെ സ്വകാര്യ ജീവിതം പൊതു ഇടങ്ങളില്‍ തുറന്നു കാണിക്കാനുള്ളതല്ലെന്ന് പ്രിയങ്ക പറയുന്നു.

“എന്റെ ജീവിതത്തിന്റെ 90 ശതമാനവും പരസ്യമാണ്. പത്തു ശതമാനമെങ്കിലും എനിക്കു വേണം. അത് എന്റേതായി ഇരിക്കട്ടെ. ഞാനൊരു പെണ്‍കുട്ടിയാണ്. എന്റെ ജീവിതം സ്വകാര്യമാക്കി വയ്ക്കാനുള്ള അവകാശം എനിക്കുണ്ട്. എന്റെ കുടുംബം, സൗഹൃദം, എന്റെ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ആര്‍ക്കും ഒരു വിശദീകരണവും നല്‍കേണ്ടതുണ്ടെന്ന് കരുതുന്നില്ല,” പ്രിയങ്ക പറയുന്നു.

ന്യൂഡല്‍ഹിയില്‍ യെസ് ബാങ്കും എഫ്ഐസിസിഐ സംഘടനയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരസ്പര സംവാദത്തിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘ഭാരത്’ എന്ന ചിത്രത്തില്‍നിന്നും പ്രിയങ്ക പിന്മാറിയതു മുതല്‍ വിവാഹ വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായിരുന്നു. ചില ‘സ്‌പെഷ്യല്‍’ കാരണങ്ങളാലാണ് പ്രിയങ്ക പിന്മാറിയതെന്നാണ് ഭാരതിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ അന്നു പറഞ്ഞത്.

“ഭാരത് സിനിമയില്‍ ഇനി പ്രിയങ്ക ചോപ്ര ഭാഗമാകില്ല. സിനിമയില്‍ നിന്നും പിന്മാറാനുളള പ്രിയങ്കയുടെ കാരണം വെരി വെരി സ്‌പെഷലാണ്. നിക്കിനുവേണ്ടിയാണ് സിനിമയില്‍നിന്നും പിന്മാറുന്നതെന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ തീരുമാനത്തില്‍ ഞങ്ങളെല്ലാം സന്തുഷ്ടരാണ്. പ്രിയങ്കയുടെ ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന് ഭാരത് ടീം ആശംസിക്കുന്നു”, അലി അബ്ബാസ് ട്വീറ്റ് ചെയ്തു.

തന്നെക്കാള്‍ 10 വയസ് കുറഞ്ഞ അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായി പ്രണയത്തിലാണ് പ്രിയങ്ക. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. പ്രിയങ്കയ്ക്ക് ഒപ്പം നിക്ക് ഇന്ത്യയില്‍ എത്തിയതും ഇരുവരും ഒരുമിച്ച് ചടങ്ങുകളില്‍ പങ്കെടുത്തതോടും കൂടി പ്രണയം ആരാധകര്‍ സ്ഥിരീകരിച്ചു. നിക്കുമായുളള പ്രിയങ്കയുടെ വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ