തന്റെ പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ചോപ്ര മിസ് ഇന്ത്യ കിരീടം ചൂടുന്നത്. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായ പ്രിയങ്കയുടെ ജീവിതത്തിലെ തന്നെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ആ മിസ് ഇന്ത്യ പട്ടം. ഇന്ത്യൻ എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയിൽ പ്രിയങ്ക രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്. 20 വർഷങ്ങൾക്കു മുൻപ് മിസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടിൽ ജഡ്ജസ് തനിക്കു നേരെ തൊടുത്ത രസകരമായ ചോദ്യത്തിന് പ്രിയങ്ക നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

മിസ് ഇന്ത്യ കിരീടം പ്രിയങ്കയുടെ തലയിൽ ചാർത്തും മുൻപ്, മത്സരത്തിന്റെ അവസാനറൗണ്ടിൽ ആതിഥേയനായ രാഹുൽ ശർമയാണ് പ്രിയങ്കയോട് ആ രസകരമായ ചോദ്യം ചോദിച്ചത്. “ഏദൻതോട്ടത്തിലെ പൊലീസ് ഓഫീസറാണ് നിങ്ങളെങ്കിൽ പാപം ചെയ്ത കുറ്റത്തിന് നിങ്ങൾ ആരെയാണ് ശിക്ഷിക്കുക, ആദമിനെയോ ഹവ്വയേയോ സർപ്പത്തെയോ?”

“ഞാൻ ഏദൻതോട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നുവെങ്കിൽ, സർപ്പമായെത്തിയ സാത്താനെ ശിക്ഷിക്കും. തിന്മ സൃഷ്ടിക്കപ്പെട്ടതല്ല, ഉത്തേജിപ്പിക്കപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. സാത്താൻ ശരിയാണെന്ന് ഹവ്വ കരുതി, അവൾ അവനെ വിശ്വസിച്ചു. പക്ഷപാതമില്ലാതെ നല്ലതും ചീത്തയും തമ്മിൽ മനസ്സിലാക്കുക എന്നതിനെ കുറിച്ചുള്ള ധാർമ്മികതയാണ് ഇതിൽ നിന്നും നമുക്ക് ലഭിക്കുന്നത്.” എന്നായിരുന്നു പ്രിയങ്കയുടെ ഉത്തരം. മിസ് ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Read more: ഓരോ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു ഡാഡി: പ്രിയങ്ക ചോപ്ര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook