ഷോണാലി ബോസ് സംവിധാനം ചെയ്യുന്ന ‘ദ സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെത്തിയ പ്രിയങ്ക ചോപ്രയെ സ്വാഗതം ചെയ്തത് നിക്കിന്റെ ഒരു സർപ്രൈസ് ഗിഫ്റ്റായിരുന്നു. എട്ടു കോടിയോളം വിലവരുന്ന ലക്ഷ്വറി കാറായ മെഴ്‌സിഡസ് മെയ്ബാക്ക് കാർ സമ്മാനമായി നൽകിയാണ് അമേരിക്കൻ ഗായകനായ നിക്ക് ജോനാസ് പ്രിയങ്കയ്ക്ക് സർപ്രൈസ് ഒരുക്കിയത്. റോള്‍സ് റോയ്‌സിനുള്ള മെര്‍സിഡീസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. ലക്ഷ്വറിയും സുരക്ഷയും ഉറപ്പു നൽകുന്ന മെയ്ബാക്കിനെ ലോകത്തെ ഏറ്റവും ആഢംബരപൂർണമായ കാറുകളുടെ പട്ടികയിലാണ് പരിഗണിക്കുന്നത്.

ഭർത്താവ് പ്രണയപൂർവ്വം സമ്മാനിച്ച കാറിനെ ‘എക്‌സ്ട്രാ ചോപ്ര ജോനാസ്’ എന്നാണ് പ്രിയങ്ക പേരു നൽകിയിരിക്കുന്നത്. പുതിയ കാറിനും ജൊനാസിനുമൊപ്പം നിൽക്കുന്ന ചിത്രം പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘ഭർത്താവ് നമ്പർ വൺ ആയപ്പോൾ.. ഭാര്യയ്ക്ക് ഒരു മെയ്ബാക്ക് ലഭിച്ചു. എക്‌സ്ട്രാ ചോപ്ര ജൊനാസിനെ പരിചയപ്പെടത്തുന്നു. ഏറ്റവും മികച്ച ഭർത്താവ്,’ പ്രിയങ്ക കുറിക്കുന്നു.

അടുത്തിടെ ജോനാസ് ബ്രദേഴ്‌സിന്റെ ‘സക്കർ’ എന്ന ആൽബം സോംഗ് ഏറെ ശ്രദ്ധിക്കപ്പെടുകയും യൂട്യൂബ് ബിൽബോർഡ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ചിത്രത്തിൽ ജോനാസ് സഹോദരങ്ങൾക്കൊപ്പം പ്രിയങ്കയും സോഫി ടർണറും ഡാനിയേല ജോനാസുമെല്ലാം അഭിനയിച്ചിരുന്നു. നിക്കിന്റെ സഹോദരൻ ജോ ജോനാസിന്റെ ഗേൾഫ്രണ്ടാണ് ‘ഗെയിം ഓഫ് ത്രോൺസ്’ താരം സോഫി ടർണർ. ജോനാസ് സഹോദരന്മാരിൽ മൂത്തയാളായ കെവിൻ ജോനാസിന്റെ ഭാര്യയാണ് ഡാനിയേല. പ്രിയങ്കയും നിക്കും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളും ഗ്ലാമർ ബാത്തുമൊക്കെയായിരുന്നു സക്കറിന്റെ ഹൈലൈറ്റ്.

Priyanka Chopra/ Instagram

ഹോളിവുഡിൽ സജീവമായ പ്രിയങ്ക മൂന്നു വർഷങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് ‘ദ സ്കൈ ഈസ് പിങ്ക്’. 2016 ൽ പ്രകാശ് ജായുടെ ‘ജയ് ഗംഗാജൽ’ ആയിരുന്നു പ്രിയങ്കയുടെ അവസാന ബോളിവുഡ് ചിത്രം. പതിമൂന്നാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടതിനു ശേഷവും തളരാതെ ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ‘ദ സ്‌കൈ ഈസ് പിങ്ക്’. സൈറ വാസിമാണ് ചിത്രത്തിൽ ഐഷ ചൗധരിയുടെ വേഷം ചെയ്യുന്നത്.

ഐഷ ചൗധരിയുടെ അമ്മവേഷമാണ് ചിത്രത്തിൽ പ്രിയങ്കയ്ക്ക്. ഫർഹാൻ അക്തറാണ് ഐഷയുടെ അച്ഛന്റെ വേഷം ചെയ്യുന്നത്. “ലോകം അറിയേണ്ട ചില കഥകളുണ്ട്. അത്തരമൊരു ജീവിതകഥയാണ് ഐഷ ചൗധരിയുടേത്. ഐഷയുടെയും ​അവളുടെ ​മാതാപിതാക്കളായ അതിഥിയുടെയും നിരന്റെയും ജീവിതകഥ അവിശ്വസനീയമാണ്. ഏറെ​ ആവേശത്തോടെയാണ് ഞാനീ സിനിമയെ സമീപിക്കുന്നത്,” എന്നാണ് പ്രിയങ്ക തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. മാർഗരിറ്റയും ഷോണാലി ബോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജൂഹി ചതുർവേദിയാണ് സംഭാഷണം ഒരുക്കുന്നത്.

Read more: ‘ഇന്ന് ഞാനേറെ സന്തോഷവതിയാണ്’, ദ സ്‌കൈ ഈസ് പിങ്കിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര

യൂട്യൂബ് സീരിസ് ആയ ‘ഈഫ് ഐ കുഡ് ടെൽ യു ജസ്റ്റ് വൺ തിംഗ്’ (If I could Tell You Just One Thing) ആണ് ഉടനെ റിലീസാവാനുള്ള പ്രിയങ്കയുടെ മറ്റൊരു പ്രൊജക്റ്റ്. മാർച്ച് 27 നാണ് ഈ സീരീസ് റിലീസ് ചെയ്യുന്നത്. സമൂഹത്തിന് പ്രചോദനം പകരുന്ന സ്ത്രീകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ഒരു അഭിമുഖപരമ്പരയാണ് ഇത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ