ന്യൂഡല്‍ഹി: പ്രിയങ്കാ ചോപ്ര.  ലോകസുന്ദരിയായിരുന്നു.  സമകാലിക ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളും.  ഇപ്പോള്‍ ഹോളിവുഡിലും എത്തി, അവിടെയും തന്‍റെ മികവു തെളിയിച്ച് ലോകത്തെ തന്നെ ശക്തരായ സ്ത്രീകളില്‍ ഒരാള്‍ എന്ന് പേരെടുത്തു.  എന്നാല്‍ സിനിമാ ലോകത്തെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും അവര്‍ക്കും രക്ഷയില്ലയിരുന്നു എന്നതാണു പുതിയ വാര്‍ത്ത.

വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് പ്രിയങ്കയുടെ അമ്മ മധു ചോപ്രയാണ്. ‘കുഞ്ഞുടുപ്പുകളില്‍ പ്രിയങ്കയെ അവതരിപ്പിക്കാനാണ് സംവിധായകന് താത്പര്യമെന്ന് ഒരു ഡിസൈനര്‍ പ്രിയങ്കയോട് പറഞ്ഞു. ലോക സുന്ദരിയായ ഒരാളെ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തുമ്പോള്‍ അവരുടെ ശരീരത്തിന്‍റെ സൗന്ദര്യം മുഴുവന്‍ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്താണ് പ്രയോജനമെന്നാണ് സംവിധായകന്‍ പറഞ്ഞത്. അങ്ങനെ പ്രിയങ്ക അയാള്‍ക്കൊപ്പമുള്ള സിനിമ വേണ്ടെന്നു വച്ചു.’ ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിലായിരുന്നു മധു ചോപ്രയുടെ വെളിപ്പെടുത്തൽ.

ഈ തീരുമാനത്തിന് വളരെ വലിയ വിലയാണ് പ്രിയങ്കയ്ക്ക് നല്‍കേണ്ടി വന്നതെന്നും മധു ചോപ്ര പറയുന്നു. അയാളുടെ സിനിമ വേണ്ടെന്നു വച്ച കാരണം കൊണ്ടു മാത്രം പ്രിയങ്കയ്ക്ക് 10ഓളം സിനിമകള്‍ നഷ്ടപ്പെട്ടതായും മധു ചോപ്ര കൂട്ടിച്ചേര്‍ത്തു.

 

അടുത്തിടെ ജോലിസ്ഥലത്തെ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രിയങ്ക ചോപ്ര ഉയര്‍ത്തിക്കാണിച്ചിരുന്നു. അമേരിക്കയിലെ നിര്‍മ്മാതാവ് ഹാര്‍വെ വെയിന്‍സ്റ്റീനെതിരെ നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഹാര്‍വെ വെയിന്‍സ്റ്റീന്‍മാര്‍ എല്ലായിടത്തുമുണ്ടെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ