സൈബർ ലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതൽ പാപ്പരാസികളും ഇവർക്കു പിറകെയാണ്. ഇരുവരുടെയും വിവാഹജീവിതം മൂന്നു വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ തന്നെയാണ് ഇരുവരും.
പ്രിയങ്ക പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ലോസ് ഏഞ്ചൽസിലെ തന്റെ വീട്ടിലെ ഇൻഫിനിറ്റി പൂളിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രിയങ്ക ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുമായി നികും എത്തിയിട്ടുണ്ട്.
അടുത്തിടെയാണ് വാടക ഗർഭധാരണത്തിലൂടെ പ്രിയങ്കയും നിക്കും ഒരു കുഞ്ഞിനെ സ്വന്തമാക്കുന്നത്. ‘മാൾട്ടി മേരി ചോപ്ര ജൊനാസ്’ എന്നാണ് ഇരുവരും മകൾക്ക് പേരിട്ടതെന്നാണ് റിപ്പോർട്ടുകൾ. ടിഎംഇസഡിന്റെ റിപ്പോർട്ട് പ്രകാരം, അവർക്ക് ലഭിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലാണ് ഈ പേരുള്ളത്. യുഎസിലെ സാൻ ഡിയേഗോ ഹോസ്പിറ്റലിൽ ജനുവരി 15 ന് രാത്രി 8 മണിക്കാണ് കുഞ്ഞ് ജനിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും പ്രിയങ്കയുടെയോ നിക്കിന്റെയോ ഭാഗത്തുനിന്നും വന്നിട്ടില്ല.
മാൾട്ടി എന്ന പേര് സംസ്കൃതത്തിൽനിന്നാണ്, സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശമാണ് ഇത് അർത്ഥമാക്കുന്നത്. കടലിലെ നക്ഷത്രം എന്നർത്ഥം വരുന്ന ‘മാരിസ്’ എന്ന ലാറ്റിൻ പദത്തിൽ നിന്നുള്ളതാണ് മേരി. യേശുക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഫ്രഞ്ച് പതിപ്പ് കൂടിയാണ് മേരി എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പേരായ മധുമാൾട്ടിയുടെ ഭാഗമാണ് മാൾട്ടി.
ദി മാട്രിക്സ് റിസറക്ഷൻസ് ആണ് പ്രിയങ്കയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം. ഡിസംബർ മുഴുവൻ ഈ സിനിമയുടെ പ്രമോഷനുമായി തിരക്കിലായിരുന്നു. റുസ്സോ ബ്രദേഴ്‌സ് നിർമ്മിച്ച സിറ്റാഡൽ, ഫർഹാൻ അക്തറിനൊപ്പം അഭിനയിക്കുന്ന ‘ജീ ലെ സറാ’ എന്നിവയാണ് പ്രിയങ്കയുടെ പുതിയ ചിത്രങ്ങൾ.