താര പ്രഭയാർന്ന ഓസ്‌കർ വേദിയിൽ തിളങ്ങാൻ ബോളിവുഡിന്റെ താരസുന്ദരി പ്രിയങ്ക ചോപ്ര. ബോളിവുഡിൽ മാത്രമൊതുങ്ങുന്നതല്ല, പ്രിയങ്കയുടെ സാന്നിധ്യം. ഹോളിവുഡിന്റെയും മനം കവർന്ന താരമാണ് പ്രിയങ്ക. ക്വാൺടിക്കോ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് പ്രിയങ്ക ഹോളിവുഡിന്റെയും താരമായത്.
89-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ പങ്കെടുക്കുമെന്നറിയിച്ചുളള ചിത്രം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്. ഗായകനായ മിക്ക് ജാഗറുമൊത്തുളള ചിത്രമാണ് പ്രിയങ്ക പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
രണ്ടാം തവണയാണ് പ്രിയങ്ക ലോകത്തിലെ ഏറ്റവും വലിയ പുരസ്കാര സമർപ്പണ വേദിയുടെ ഭാഗമാവുന്നത്. 2016ലെ ഓസ്‌കറിൽ താരം പങ്കെടുത്തിരുന്നു.
ഹോളിവുഡ് പുരസ്കാര വേദികളിലെ സ്ഥിര സാന്നിധ്യമാണ് പ്രിയങ്ക. പീപ്പിംൾസ് ചോയ്‌സ് അവാർഡുകൾ രണ്ട് തവണ പ്രിയങ്കയെ തേടിയെത്തിയിട്ടുണ്ട്.
ടെലിവിഷൻ പരമ്പരയ്‌ക്ക് പുറമെ ഹോളിവുഡ് സിനിമയിലും അരങ്ങേറ്റം കുറിക്കാനിരിക്കയാണ് പ്രിയങ്ക. ഡെയ്വിൻ ജോൺസണൊപ്പം ബേ വാച്ചിലൂടെയാണ് പ്രിയങ്കയുടെ ഹോളിവുഡ് അരങ്ങേറ്റം.
ബോളിവുഡിന്റെ മറ്റൊരു താര സുന്ദരി ദീപിക പദുക്കോണും ഓസ്‌കറിനെത്തുമെന്നാണ് പറയപ്പെടുന്നത്. ട്രിപ്പിൾ എക്‌സ്(xXx) ലൂടെയാണ് ദീപിക ഹോളിവുഡിൽ സാന്നിധ്യമറിയിച്ചിരുന്നു. എന്നാൽ ഓസ്‌കാറിലെത്തുന്ന കാര്യം ദീപിക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.