എക്കാലത്തും തന്റേടത്തോടെ നിലപാടുകള്‍ തുറന്നു പറയുന്ന നടിയാണ് പ്രിയങ്ക ചോപ്ര. ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ നിലപാടാവര്‍ത്തിക്കുകയാണ് പ്രിയങ്ക. താന്‍ ഒരു ഫെമിനിസ്റ്റാണെന്നും പുരുഷനെ അധിക്ഷേപിക്കുന്നതോ വെറുക്കുന്നതോ അല്ല ഫെമിനിസമെന്നും പ്രിയങ്ക പറഞ്ഞു.
ഫെമിനിസമെന്നാല്‍ കാലങ്ങളായി പുരുഷനുള്ളതു പോലെ, തന്റെ തീരുമാനങ്ങളെക്കുറിച്ച് മുന്‍വിധികളില്ലാതെ തനിക്ക് അവസരങ്ങള്‍ തരണമെന്നു പറയാനുള്ള സാഹചര്യമൊരുക്കലാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. ഫെമിനിസത്തിന് പുരുഷന്മാരേയും ആവശ്യമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.
‘ഫെമിനിസമെന്നാല്‍ പുരുഷനെ അധിക്ഷേപിക്കുന്നതോ വെറുക്കുന്നതോ അവനെക്കാള്‍ മുകളിലാണ് ഞാനെന്ന് വരുത്തി തീര്‍ക്കുന്നതോ അല്ല.’ അവര്‍ പറഞ്ഞു.
‘ഞാനൊരു ഫെമിനിസ്റ്റല്ല’ എന്നു സ്ത്രീകള്‍ തന്നെ പറയുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ”ഞാനൊരു’ ഫെമിനിസ്റ്റല്ല എന്നു പറയുന്ന ധാരാളം പെണ് സുഹൃത്തുക്കളുണ്ട്. എനിക്കത് മനസിലാകുന്നതു പോലുമില്ല. സ്ത്രീകള്‍ക്ക് ഒരുവിധത്തിലുള്ള അവകാശങ്ങളും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഫെമിനിസം രൂപം കൊണ്ടത്. കാലാകാലങ്ങളായി പുരുഷന് എല്ലാവിധ ആനുകൂല്യങ്ങളും ഉണ്ടായിരുന്നതുകൊണ്ടാണ് മാനിസം എന്നൊന്ന് ഇല്ലാതിരുന്നത്.’ പ്രിയങ്ക പറഞ്ഞു.
തുറന്ന മനസ്സോടുകൂടി ചിന്തിക്കാന്‍ പഠിപ്പിച്ചാണ് തന്റെ മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയതെന്നും പേടിയില്ലാതെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അവര്‍ തന്നെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.