നടി പ്രിയങ്ക ചോപ്രയും പോപ് ഗായകൻ നിക് ജൊനാസും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. ഭർത്താവിനൊപ്പം യുഎസിലാണ് പ്രിയങ്ക ചോപ്രയുടെ താമസം. എന്നാൽ ഇപ്പോൾ ഇവർ വേർപിരിയുന്നതായുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും നിക്കിന്റെ കുടുംബപേരായ ജൊനസ് നീക്കിയതാണ് അഭ്യൂഹങ്ങൾക്ക് കാരണം. ഇവരുടെ വിവാഹശേഷം ഉടനെ ഇവർ വേർപിരിയുമെന്ന തരത്തിൽ പലരും പ്രവചനം നടത്തിയിരുന്നു. ആ പ്രവചനം ശരിയാകുന്നു എന്ന തരത്തിലാണ് സോഷ്യൽ മീഡിയ ചർച്ചകൾ.
ഇതു സംബന്ധിച്ച് പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതെല്ലാം അസംബന്ധങ്ങളാണെന്നും വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും അമ്മ മാധു ചോപ്ര പറഞ്ഞു. ന്യൂസ് 18 ചാനലിനോടായിരുന്നു പ്രതികരണം.
ഈയിടെ ലൊസാഞ്ചൽസിലെ വീട്ടിൽ ഇരുവരും ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു ദിവസങ്ങൾക്കിപ്പുറമാണ് പേര് മാറ്റം ചർച്ചയാവുന്നത്.
Also Read: മകളുടെ ജന്മദിനം ബുർജ് ഖലീഫയിൽ ആഘോഷിച്ച് അല്ലു അർജുൻ-ചിത്രങ്ങൾ
2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തന്നെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ പലരും പ്രിയങ്കയെ കളിയാക്കി. ഹോളിവുഡിലെ ചില മാധ്യമങ്ങൾ ഇരുവരും അധികം വൈകാതെ വേർപിരിയുമെന്നുവരെ എഴുതി. പക്ഷേ അതിനൊന്നും മറുപടി പറയാൻ പ്രിയങ്ക തയ്യാറായില്ല. നിക്കുമായുളള വിവാഹം ജീവിതം വിജയിക്കാനുളള കാരണം താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഇരുവരുടെയും തിരക്കിട്ട ജീവിതത്തിനിടയിലും വിവാഹ ജീവിതം സുഗമമായി മുന്നോട്ടുപോകാനുളള കാരണം താനും നിക്കും തമ്മിലുള്ളൊരു വ്യവസ്ഥയാണെന്നും വിവാഹശേഷവും അത് ഇരുവരും തെറ്റിക്കാത്തതാണെന്നും പ്രിയങ്ക ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ”രണ്ടു മൂന്നു ആഴ്ചകൾക്കപ്പുറം ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്തും. ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ മറ്റൊരാളെ ഉൾപ്പെടുത്താൻ ശ്രമിക്കണം. അത് വളരെ പ്രധാനമാണ്. ഞങ്ങൾ അത് ചെയ്യുന്നു” പ്രിയങ്ക പറഞ്ഞു.