പ്രിയങ്ക ചോപ്രയുടെ ആദ്യ ചിത്രമായ ബേയ്വാച്ചിൽ നായകനായിരുന്നത് ‘ദി റോക്ക് ‘ എന്നറിയപ്പെടുന്ന ഹോളിവുഡ് താരം ഡ്വൈന്‍ ജോൺസണായിരുന്നു. ഇരുവരും വളരെ നല്ല സുഹൃത്തുക്കളാണ്. ഡ്വൈന്‍ തനിക്കൊരു പെൺകുഞ്ഞ് ഉണ്ടായി എന്ന സന്തോഷ വാർത്തയെപ്പറ്റിയുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ നൽകിയിട്ടുണ്ട്.
ഒരു നീണ്ട സന്ദേശത്തോടുകൂടിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. അതിൽ താന്‍ എങ്ങനെ വളർന്നുവെന്നും, തന്റെ കുഞ്ഞിന്റെ വരവിനെക്കുറിച്ചും, പങ്കാളിയായ ലോറന് നൽകുന്ന ആദരവിന്റെയും ബഹുമാനത്തിന്റെയും അളവ് കൂടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡ്വൈന്‍ പോസ്റ്റ് ചെയ്ത ചിത്രത്തോട്, വളരെ സുന്ദരിയായിരിക്കുന്നു! അഭിനന്ദനങ്ങൾ എന്ന് പ്രിയങ്ക ചോപ്ര പ്രതികരിക്കുകയും ചെയ്തു.
“ലോകത്തിലേക്ക് മറ്റൊരു ശക്തയായ പെൺകുട്ടി, എന്റെ മകൾ ടിയാന കടന്നുവന്നിരിക്കുകയാണ്. ഞാൻ വളർന്നുവന്നപ്പോൾ എന്റെ ജീവിതത്തിൽ സ്നേഹമുള്ളതും ശക്തരുമായ ഒരുപാട് സ്ത്രീകൾ ഉണ്ടായിരുന്നു. എന്നാൽ എന്റെ കുഞ്ഞിന്റെ വരവിൽ എന്റെ പങ്കാളിയിൽ സ്നേഹത്തിന്റെ മറ്റൊരു തലം എനിക്ക് മനസിലായി. മറ്റ് സ്ത്രീകളോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും അളവിൽ എനിക്ക് മാറ്റം ഉണ്ടായിരിക്കുന്നു. ഒരു പുരുഷന് തന്റെ ജീവിതത്തിലെ ഏറ്റവും അസുലഭമായ നിമിഷം എന്നത് തന്റെ കുഞ്ഞിന്റെ ജനനം നേരിട്ട് കാണുകയെന്നതാണ്. ആ സമയം തന്റെ ഭാര്യക്ക് ചെയ്തുകൊടുക്കാൻ കഴിയുന്നതായ എന്താണെങ്കിലും നമ്മൾ ചെയ്യുക. ആ കാഴ്ച കാണുന്നതോടെ സ്ത്രീകളോടുള്ള സമീപനത്തിൽ നമുക്ക് മാറ്റം വരുന്നു. മൂത്തമക്കളായ സൈമൺനെയും, ജാസ്മിനെയും വളർത്തിയപ്പോലെ തന്നെ എന്റെ മൂന്നാമത്തെ കുഞ്ഞായ ടിയാനയെയും ഞാൻ വളർത്തും. അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വഴികാട്ടുകയും ചെയ്യും, കാരണം അവരാണ് എന്റെ ലോകം. ഒരു അച്ഛൻ എന്ന നിലയ്ക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ എനിക്കുണ്ട് അതിൽ ഞാൻ അഭിമാനിക്കുന്നു.” ഡ്വൈന്‍ വ്യക്തമാക്കി.