ബോളിവുഡിലെ പുതിയ ചര്‍ച്ചാ വിഷയം ഇപ്പോള്‍ നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമാണ്. ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ ഇവര്‍ ഇപ്പോള്‍ ബ്രസീലിലാണ്. വില്ലാമിക്‌സ് ഫെസ്റ്റിവലില്‍ നിക്കിന്റെ സംഗീത നിശയ്ക്കായാണ് ഇരുവരും ബ്രസീലില്‍ എത്തിയിരിക്കുന്നത്. നിക് പാടുമ്പോള്‍ അതില്‍ മുഴുകി സദസില്‍ എണീറ്റു നിന്നു ആര്‍ത്തുവിളിക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളിൽ നിറയുന്നത്. നിക്കിന്റെ ചിത്രങ്ങള്‍ എടുക്കാനും പ്രിയങ്ക ശ്രമിക്കുന്നുണ്ട്.

അടുത്തിടെ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടേയും ശ്ലോക മേഹ്തയുടേയും പ്രീ എന്‍ഗേജ്‌മെന്റ് പാര്‍ട്ടിയില്‍ മറ്റ് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രിയങ്കയും നിക്കും എത്തിയിരുന്നു.കൈകോര്‍ത്തു പിടിച്ചായിരുന്നു ഇരുവരും പാര്‍ട്ടിയില്‍ എത്തിയത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ മെറ്റ് ഗാലയിലേക്ക് ഒരുമിച്ചെത്തിയതോടെയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസുമായുള്ള സൗഹൃദം പരസ്യമായത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹ നിശ്ചയം അടുത്തുതന്നെ ഉണ്ടാകുമെന്നുമായിരുന്നു വാര്‍ത്തകള്‍.

നിക്കിനെയും കൂട്ടി പ്രിയങ്ക ഇന്ത്യയിലേക്ക് വന്നത് തന്നെ തന്റെ ഭാവി വരനെ കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്താനായിരുന്നു എന്ന് ഫിലിംഫെയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രിയങ്കയുടെ കസിന്‍സിനൊപ്പം ഗോവയില്‍ എത്തിയ നിക്ക് ജൊനാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

35 കാരിയായ പ്രിയങ്കയെക്കാള്‍ 10 വയസ് പ്രായം കുറവാണ് നിക്കിന്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് 25 കാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ്കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook