ഡിസംബർ ഒന്നിനായിരുന്നു ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വച്ച് പ്രിയങ്ക ചോപ്ര-നിക് ജോണാസ് വിവാഹം നടന്നത്. ക്രിസ്ത്യൻ, ഹിന്ദു ആചാരങ്ങൾ പ്രകാരം വിവാഹം നടന്നു. സുഹൃത്തുക്കൾക്ക് വേണ്ടിയാണ് ഡൽഹിയിൽ വിരുന്ന ഒരുക്കിയത്. സിനിമാ പ്രവർത്തകർക്ക് വേണ്ടി മുംബയിലും വിരുന്നൊരുക്കി. ഡൽഹിയിൽ നടന്ന വിവാഹ സത്കാരത്തിന് അതിഥിയായി മോദി എത്തിയത് വാര്‍ത്തയായിരുന്നു.
വിവാഹത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക തന്റെ പേര് മാറ്റിയിരിക്കുകയാണ്. പ്രിയങ്ക ചോപ്ര ജോണാസ് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ത്തിരിക്കുന്നത്. 2018ല്‍ ലോകത്തെ ശക്തരായ സ്ത്രീകളുടെ പട്ടിക കഴിഞ്ഞ ദിവസം ഫോബ്സ് മാഗസിന്‍ പുറത്തുവിട്ടിരുന്നു. ഈ പട്ടികയില്‍ പ്രിയങ്കയും ഇടംനേടിയിരുന്നു. ഫോബ്സിനോട് നന്ദി പറഞ്ഞാണ് പ്രിയങ്ക പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്.
36കാരിയായ പ്രിയങ്കയും 26കാരനായ നിക്കും തമ്മിലുള്ള പ്രണയവും ഡേറ്റിംഗുമെല്ലാം നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജോധ്പൂർ രാജകുടുംബത്തിന്റെ പരമ്പരാഗത വസതിയായ ഉമൈദ് ഭവൻ പാലസ് ലോകത്തിലെ തന്നെ ആറാമത് വലിയ സ്വകാര്യ വസതിയാണ്. കൊട്ടാരത്തിന്റെ ഒരു ഭാഗം താജ് ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റിയിരുന്നു. 26 ഏക്കർ വിസ്‌തൃതിയിലുള്ള കൊട്ടാരത്തിലെ പൂന്തോട്ടവും പ്രസിദ്ധമാണ്. താരമാംഗല്യത്തിനായി അണിയിച്ചൊരുക്കിയ കൊട്ടാരത്തിന്റെ ചിത്രവും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു