അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന സൽമാൻ ഖാൻ ചിത്രം ‘ഭാരതി’ൽ നിന്നുമുള്ള പ്രിയങ്ക ചോപ്രയുടെ അപ്രതീക്ഷിത പിന്മാറ്റം ബോളിവുഡിൽ ഏറെ ചർച്ചകൾക്കും ആരോപണങ്ങൾക്കും വഴിവച്ചിരുന്നു. നടിയുടെ പെട്ടെന്നുള്ള പിന്മാറ്റത്തെ വിമര്‍ശിച്ച്‌ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് നിഖില്‍ നമിത് രംഗത്തെത്തുകയും മുന്നറിയിപ്പുകളൊന്നുമില്ലാതെ ‘ഭാരതി’ല്‍ നിന്ന് പിന്മാറിയത് പ്രൊഫഷണൽ സമീപനമല്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ഹോളിവുഡിലെ പ്രശസ്ത ഗായകനായ നിക് ജൊനാസുമായുള്ള വിവാഹ നിശ്ചയത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിൽ നിന്നുമുള്ള പ്രിയങ്കയുടെ പിൻമാറ്റം. പ്രിയങ്ക പിന്മാറിയതോടെ, നിർമാതാക്കൾ കത്രീന കെയ്ഫിനെ ചിത്രത്തിലെ നായികയായി തീരുമാനിച്ചു.

എന്നാൽ, ‘ഭാരതി’ന്റെ ഭാഗമാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പ്രിയങ്ക തന്നെയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. സൽമാൻ ഖാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് 12 ന്റെ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

“ഏറെ വിഷമത്തോടെയാവും ചിത്രത്തിൽ നിന്നും പിന്മാറണമെന്ന തീരുമാനം പ്രിയങ്ക എടുത്തിട്ടുണ്ടാവുക. കാരണം, ഈ പ്രൊജക്റ്റിൽ എനിക്കൊപ്പം അഭിനയിക്കണമെന്നത് പ്രിയങ്കയുടെ താൽപര്യമായിരുന്നു. എനിക്കൊപ്പം ‘ഭാരതി’ൽ​ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞ് ആയിരം തവണയെങ്കിലും പ്രിയങ്ക എന്റെ സഹോദരി അർപ്പിതയെ വിളിച്ചു കാണും. ഈ ചിത്രത്തിൽ തനിക്ക് അവസരമുണ്ടാകുമോ​ എന്നു ചോദിച്ച് സംവിധായകൻ അലിയേയും പ്രിയങ്ക വിളിച്ചിരുന്നു,” സൽമാൻ ഖാൻ പറയുന്നു.

“കത്രീനയ്ക്കൊപ്പം അഭിനയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിർമ്മാതാക്കളിൽ ഒരാളായ അതുൽ അഗ്നിഹോത്രിയുടെ ഫസ്റ്റ് ചോയിസ് കത്രീനയായിരുന്നു. അപ്പോഴാണ് പ്രിയങ്ക സംവിധായകൻ അലിയെ വിളിച്ച് ‘ഭാരതി’ൽ അഭിനയിക്കണം​ എന്ന ആഗ്രഹം അറിയിക്കുന്നത്. അതുകൊണ്ടാണ് പ്രിയങ്കയെ പരിഗണിച്ചത്. ഷൂട്ടിങ്ങിന്റെ അഞ്ചു ദിവസം മുൻപെങ്കിലും ചിത്രത്തിൽ നിന്നും പിന്മാറുന്ന കാര്യം പ്രിയങ്ക അറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു,” സൽമാൻ കൂട്ടിച്ചേർത്തു.

2016 ൽ പ്രകാശ് ജായുടെ ‘ജയ് ഗംഗാജൽ’ ആയിരുന്നു പ്രിയങ്കയുടെ അവസാന ഹിന്ദിചിത്രം. ‘ഭാരതി’ലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരാം എന്നായിരുന്നു, കുറേക്കാലമായി ഹോളിവുഡില്‍ ചുവടുറപ്പിച്ചിരിക്കുന്ന നടിയുടെ കണക്കുക്കൂട്ടൽ. അതിനിടയിലാണ്, വിവാഹനിശ്ചയത്തിന്റെ തിരക്കുകളും മറ്റുമായി താരം ‘ഭാരതി’ൽ നിന്നും പിന്മാറുന്നത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയങ്കയും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രമെന്ന രീതിയിൽ പ്രേക്ഷകരിൽ ഏറെ പ്രതീക്ഷയുണർത്തിയിരുന്ന ചിത്രമാണ് ‘ഭാരത്’.

ഷോണാലി ബോസിന്റെ ‘ദ സ്കൈ ഈസ് പിങ്ക്’ ആണ് പ്രിയങ്കയുടെ അടുത്ത ഹിന്ദി ചിത്രം. രോഗാവസ്ഥകളോട് പൊരുതി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ദ സ്‌കൈ ഈസ് പിങ്ക്. ചിത്രത്തിൽ ഐഷ ചൗധരിയുടെ അമ്മവേഷമാണ് പ്രിയങ്കയ്ക്ക്. ഫർഹാൻ അക്തറും സൈറ വാസിമുമാണ് സഹതാരങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook