ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ ബോളിവുഡ് താരം ഋഷി കപൂറിനെ കാണാന്‍ പ്രിയങ്ക ചോപ്രയും സൊനാലി ബെന്ദ്രയും എത്തി. ഋഷി കപൂറിന്റെ ഭാര്യ നീതു കപൂറാണ് അതിഥികള്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇവര്‍ക്കൊപ്പം സൊനാലിയുടെ ഭര്‍ത്താവ് ഗോല്‍ഡീ ബെഹ്‌ലും അദ്ദേഹത്തിന്റെ സഹോദരി സൃഷ്ടി ബെഹ്‌ലും ഉണ്ടായിരുന്നു.

സൊനാലിയ്ക്കും പ്രിയങ്കയ്ക്കും സ്‌നേഹം പകര്‍ന്നുകൊണ്ടാണ് നീതു കപൂര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പ്രിയങ്കയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഋഷിയേയും നീതുവിനേയും കാണാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ കുറേ മാസങ്ങളായി അര്‍ബുദ ചികിത്സയ്ക്കായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സൊനാലിയും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം വളരെ സന്തോഷത്തോടെയായിരുന്നുവെന്ന് ചിത്രങ്ങള്‍ പറയുന്നു. സന്ദര്‍ശനത്തിനു ശേഷം സൊനാലി അനുപം ഖേറിനൊപ്പം അത്താഴത്തിനു പോയി. ഇതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് സൊനാലി തന്റെ അർബുദ വിവരം ലോകത്തെ അറിയിച്ചത്. ‘ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോഴായിരിക്കും ജീവിതം ചിലപ്പോള്‍ നിങ്ങളെ എടുത്തെറിയുന്നത്. എനിക്ക് വളരെ ഗുരുതരമായ അര്‍ബുദം പിടിപെട്ടിരിക്കുകയാണ്. അത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്. വളരെ നിസ്സാരമായ ചില വേദനകളെ തുടര്‍ന്ന് നടത്തിയ ടെസ്റ്റുകളില്‍ നിന്നാണ് രോഗം കണ്ടെത്തിയത്. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും എനിക്ക് ചുറ്റുമുണ്ട്. ഒരു മനുഷ്യന്‍ ആഗ്രഹിക്കുന്ന എല്ലാ പിന്തുണയും അവര്‍ എനിക്ക് തരുന്നുണ്ട്. അതിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു,’ സൊനാലി ട്വിറ്ററില്‍ പങ്കുവച്ച പ്രസ്‌താവനയിലൂടെ പറഞ്ഞു.

‘എന്റെ ഡോക്‌ടര്‍മാരുടെ ഉപദേശപ്രകാരം ഞാനിപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. വളരെ ശുഭാപ്‌തി വിശ്വാസത്തോടെ ഓരോ ചുവടിലും പോരാടുകയാണ് ഞാന്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരിധിയില്ലാതെ ലഭിക്കുന്ന സ്‌നേഹവും പിന്തുണയും എന്നെ വളരെയേറെ സഹായിക്കുന്നുണ്ട്. അതിന് ഞാന്‍ നന്ദി പറുന്നു. ഈ പോരാട്ടം ഞാന്‍ തുടരുകയാണ്, കുടുംബവും സുഹൃത്തുക്കളും എല്ലാ കരുത്തും പകര്‍ന്ന് എനിക്കൊപ്പമുണ്ട്,’ സൊനാലി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ