ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും പരസ്പരം കണ്ടിട്ട് വർഷങ്ങളായി. നേരിൽ കാണാൻ കഴിയുന്ന സാഹചര്യങ്ങളെല്ലാം ഇരുവരും ഒഴിവാക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സീ സിനി അവാർഡ് ഷോയിലും ഇരുതാരങ്ങളും പരസ്പരം കണ്ടുമുട്ടുന്നത് ഒഴിവാക്കി.

അവാർഡ് ഷോയിൽ പ്രിയങ്കയുടെ ഡാൻസ് പ്രകടനം ഉണ്ടായിരുന്നു. ഇതിനായാണ് ഏറെ നാളായി യുഎസിലായിരുന്ന പ്രിയങ്ക നാട്ടിലെത്തിയത്. 2 വർഷങ്ങൾക്കുശേഷമാണ് ഒരു അവാർഡ് ഷോയിൽ പ്രിയങ്ക പെർഫോം ചെയ്യുന്നത്. അവാർഡ് ഷോയിൽ പ്രിയങ്ക വരുമെന്ന് അറിഞ്ഞ ഷാരൂഖ് മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെ നേരത്തെയെത്തി മടങ്ങി.

സാധാരണ എത്തുന്നതിലും നേരത്തെയാണ് ഷാരൂഖ് അവാർഡ് ഷോയ്ക്ക് എത്തിയത്. റെഡ്കാർപെറ്റിൽ ക്യാമറകൾക്ക് മുന്നിലേക്ക് ഷാരൂഖ് വന്നതുമില്ല. സ്റ്റേജിൽ പെർഫോം ചെയ്യുന്നവർക്ക് മാത്രം പോകാനുളള വഴിയിൽക്കൂടിയാണ് ഷാരൂഖ് വേദിയിലേക്ക് വന്നത്. പ്രിയങ്ക വരുന്നതിനു മുൻപേ ഷാരൂഖ് വേദി വിട്ടു. ഷാരൂഖ് പോയതിനുശേഷമാണ് പ്രിയങ്ക വേദിയിലേക്ക് എത്തിയത്.

പ്രിയങ്കയും ഷാരൂഖും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. ഡോൺ 2 വിന്റെ ചിത്രീകരണ സമയത്ത് ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് ഗോസിപ്പുകൾ ഉണ്ടായി. ഇതിനുപിന്നാലെ ഒരു അവാർഡ് ഷോയുടെ റിഹേഴ്സലിന് ഇരുവരും ഒരുമിച്ച് എത്തിയതോടെ ഇത് ശക്തമായി. ഗോസിപ്പ് കോളങ്ങളിൽ കിങ് ഖാന്റെ പേരിനൊപ്പം പ്രിയങ്കയുടെ പേരും വന്നതോടെ ഭാര്യ ഗൗരി ഖാൻ ഇടപെട്ടു. പ്രിയങ്കയുമായുളള എല്ലാ ബന്ധവും ഉപേക്ഷിക്കാൻ ഷാരൂഖിന് നിർദേശം നൽകിയെന്നും ഷാരൂഖും പ്രിയങ്കയും ഒരുമിച്ച് കാണുന്ന സന്ദർഭങ്ങൾ ഒഴിവാക്കുന്നത് ഗൗരി ഉറപ്പു വരുത്തിയെന്നുമാണ് ഗോസിപ്പുകൾ. ഇതിനുശേഷം വർഷങ്ങളായി ഷാരൂഖും പ്രിയങ്കയും പരസ്പരം കണ്ടുമുട്ടുന്നത് ഒഴിവാക്കാറാണ് പതിവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ