ഹോളിവുഡിലെ പ്രിയങ്ക ചോപ്രയുടെ അരങ്ങേറ്റ ചിത്രമാണ് ബേവാച്ച്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഇപ്പോൾ പ്രിയങ്ക. ഇതിന്റെ ഭാഗമായി വോഗ് മാഗസിന്റെ പരിപാടിയിലും പ്രിയങ്ക പങ്കെടുത്തു. സെലിബ്രിറ്റികളോട് 73 ചോദ്യങ്ങൾ ചോദിക്കുന്ന പരിപാടിയിലാണ് പ്രിയങ്കയും പങ്കാളിയായത്. ഓരോ ചോദ്യങ്ങൾക്കുമുളള പ്രിയങ്കയുടെ ഉത്തരം രസകരമാണ്.

പ്രണയത്തെക്കുറിച്ചുളള ചോദ്യങ്ങൾക്കും പ്രിയങ്ക മറുപടി നൽകി. ”ഒരു പെൺകുട്ടിയെ ഇംപ്രസ് ചെയ്യിപ്പിക്കാൻ കഴിയില്ല, പക്ഷേ സർപ്രൈസ് ചെയ്യിപ്പിക്കാൻ കഴിയും. അത് ചോക്ലേറ്റുകളും പൂക്കളും കൊണ്ടാവരുതെന്നും” പ്രണയിക്കുന്നവരോട് പ്രിയങ്കയുടെ ഉപദേശം. ”ആർക്കും അറിയാത്ത സ്ഥലത്തേക്ക് പ്രണയിക്കുന്ന പെൺകുട്ടിയെ കൊണ്ടുപോയി സൂര്യാസ്തമയം കാണിക്കുക” ഇതായിരിക്കും ഏറ്റവും റൊമാന്റിക് ആയ കാര്യമെന്നും പ്രിയങ്ക പറയുന്നു.

തന്റെ ജീവിതത്തിലെ മൂന്നു ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്കയുടെ മറുപടി ഇങ്ങനെ: ”ലോകം മുഴുവനുമുളള ദ്വീപുകളിൽ പോകണം, ഒരുപാട് കുട്ടികൾ വേണം, മൂന്നാമത്തേത് എന്താണെന്ന് എനിക്കറിയില്ല, അതിനെക്കുറിച്ച് ഞാൻ ഇപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുകയാണ്”.

ബേവാച്ചിലെ നായകൻ ഡ്വെയ്ന്‍ ജോണ്‍സനാണ്. അമേരിക്കയിലെ കാലിഫോര്‍ണിയന്‍ ബീച്ചുകളിലെ ലൈഫ് ഗാര്‍ഡുകളുടെ കഥ പറയുന്ന ചിത്രമാണിത്. സേത് ഗോഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡ്വയന്‍ ജോണ്‍സന്‍, ഡാനി ഗാര്‍ഷ്യ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ക്വാന്‍ഡിക്കോയ്ക്ക് ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ബേവാച്ച്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ